- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൻ എച്ച് എസിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാൻ മൂന്നു ദിവസത്തെ ട്രെയിൻ യാത്രയ്ക്കിറങ്ങിയ വില്യമിനും കേയ്റ്റിനും മുന്നറിയിപ്പുമായി സ്‌കോട്ടിഷ് സർക്കാർ; കോവിഡ് നിയമലംഘനത്തിന് നടപടി ഉണ്ടാവുമെന്നു മുന്നറിയിപ്പ്
എൻ എച്ച് എസ് ജീവനക്കാർക്ക് കൃതജ്ഞത പ്രകാശിപ്പിക്കുവാനായി ഒരു ത്രിദിന ട്രെയിൻ യാത്രയിലാണ് വില്യം രാജകുമാരനും കെയ്റ്റും. പ്രത്യേക രാജകീയ തീവണ്ടിയിലാണ് യാത്ര. എന്നാൽ, സ്‌കോട്ട്ലാൻഡിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഈ യാത്ര കടുത്ത നിയമലംഘനമാകുമെന്ന് യാത്ര ആരംഭിക്കുന്നതിനു മുൻപ് തന്നെ സ്‌കോട്ടിഷ് സർക്കാർ കൊട്ടാരം വൃത്തങ്ങളെ അറിയിച്ചിരുന്നു. രാജഭക്തരായ ടോറികൾ ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ്.
യാത്രാവിലക്കിനെ കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി സ്‌കോട്ടിഷ് സർക്കാർ എത്തിയതിനെതിരെയാണ് ടോറി എം പിമാർ പ്രതിഷേധിക്കുന്നത്. അതേസമയം, ഈ യാത്ര സ്‌കോട്ടിഷ് സർക്കാരിന്റെ യാത്രാ നിയന്ത്രണ നിയമം ലംഘിച്ചുവോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു ശാസ്ത്രജ്ഞൻ പൊലീസിനെ സമീപിച്ചിട്ടുണ്ട്. നവംബർ മാസം അവസാനം മുതൽ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ സ്‌കോട്ടലാൻഡ് അതിർത്തി കടക്കുവാൻ ആർക്കും അനുവാദമില്ല. അത്തരത്തിൽ അതിക്രമിച്ചു കടക്കുന്നവരിൽ നിന്നും 60 പൗണ്ട് പിഴയീടാക്കും.
ജോലിയുടെ ആവശ്യത്തിനായി അതിർത്തി കടക്കുവാനുള്ള അനുവാദമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വില്യമിന്റെ യാത്രയ്ക്ക് അനുവാദമുണ്ടെന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. ഇന്ന് രാവിലെ എഡിൻബർഗിലെത്തിയ രാജദമ്പതിമാർ ഒർ സ്‌കോട്ടിഷ് ആംബുലൻസ് സർവ്വീസ് ഹബ്ബിലെ ജീവനക്കാരെ കണ്ടു.മുൻനിര ആരോഗ്യപ്രവർത്തകരിൽ ഉത്സവകാല ആവേശമുണർത്തുവാനും അവരോടുള്ള കൃതജ്ഞത അറിയിക്കുവാനുമായാണ് ഈ യാത്ര. അതോടൊപ്പം തന്നെ ബ്രിട്ടന്റെ കല, പൈതൃകം തുടങ്ങിയവ പരിചയപ്പെടുത്തുവാനും ഈ യാത്രകൊണ്ട് ഉദ്ദേശിക്കുന്നു.
തന്റെ ദൈനംദിന പത്രസമ്മേളനത്തിൽ പക്ഷെ, സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ രാജദമ്പതിമാർക്കുള്ള ഔപചാരിക സ്വാഗതം ആശംസിച്ചില്ല. സ്‌കോട്ട്ലാൻഡ് സന്ദർശിക്കുവാനുള്ള ഉദ്ദേശം അറിയിച്ചപ്പോൾ തന്നെ ഇവിടെ നിലവിലുള്ള നിയന്ത്രണങ്ങളെ കുറിച്ച് കൊട്ടാരത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നതായി ഒരു ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞു. മാത്രമല്ല, ഇതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അതുകൊട്ടാരം അധികൃതരോട് ചോദിക്കുവാനും അവർ ആവശ്യപ്പെട്ടു.
അതേസമയം, സ്‌കോട്ട്ലാൻഡ് സന്ദർശിക്കുന്ന രാജകുമാരനോടും രാജകുമാരിയോടും സ്‌കോട്ടിഷ് സർക്കാർ സ്വീകരിക്കുന്ന തണുപ്പൻ നയം വിവാദമാക്കാൻ ഒരുങ്ങുകയാണ് കൺസർവേറ്റീവുകൾ. വില്യം സ്‌കോട്ട്ലാൻഡിന്റെ ഭാവി രാജാവാണെന്ന് ഓർമ്മിപ്പിച്ച ഒരു ടോറി എം പി പറഞ്ഞത്. സ്‌കോട്ട്ലാൻഡിൽ രാജകുടുംബത്തിന്റെ ആരാധകർ ധാരാളമുണ്ടെന്നും നിക്കോള സ്റ്റർജന്റെ നടപടി അവർക്കെതിരെ തിരിച്ചടിക്കുമെന്നു കൂടി മുന്നറിയിപ്പ് നൽകി. സ്റ്റർജന്റെ നടപടികൾക്കെതിരെ സ്‌കോട്ട്ലാൻഡിലെ കൺസർവേറ്റീവ് എം പി മാരും വിമർശനമുയർത്തിയിട്ടുണ്ട്.
അതേസമയം, ആരോഗ്യ രംഗത്തെ പ്രമുഖരിൽ നിന്നും വില്യമിന്റെയും കേയ്റ്റിന്റേയും സന്ദർശനത്തിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. എൻ എച്ച് എസിൽ ഹീമറ്റോളജിസ്റ്റായ ഡോ. കട്രിയാൻ ഫാറേൽ തന്റെ ട്വീറ്റിലൂടെ ചോദിച്ചത് ടയർ-3 നിയന്തണങ്ങൾ നിലവിലുള്ള എഡിൻബർഗിലേക്ക് യാത്രചെയ്യാൻ രാജദമ്പതിമാർക്ക് അനുവാദം ലഭിച്ചതെങ്ങനെയെന്നാണ്. സമൂഹമാധ്യമങ്ങളിലും ഈ യാത്രയെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ ധാരാളമായി വരികയാണ്.