ന്ത്യൻ രാഷ്ട്രീയ രംഗത്ത് ചൂടേറിയ വാദങ്ങൾക്ക് വഴിതെളിച്ച് കത്തിപ്പടരുന്ന കർഷക സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്നതിൽ ഏറെ വലിയ പങ്കാണ് കഴിഞ്ഞ ദിവസം ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം വഹിച്ചത്. എന്നാൽ അ പ്രതിഷേധത്തിനിടയിൽ ഖാലിസ്ഥാൻ പതാകകൾ ഉയർത്തിയത് ആ പ്രതിഷേധ പ്രകടനത്തേയും വിവാദത്തിലാക്കുകയാണ്. അറിയപ്പെടുന്ന ഖാലിസ്ഥാൻ വാദികളായ, സിഖ് ഫോർ ജസ്റ്റിസിലെ പരംജിത് സിങ് പമ്മ, ബബ്ബർ ഖൽസയുടെ മുൻനിര വിഭാഗമായ ഫെഡറേഷൻ ഓഫ് സിഖ് ഓർഗനിസേഷനിലെ കുൽദീപ് സിങ് ചഹേരു എന്നിവരുടെ സാന്നിദ്ധ്യവും വിവാദമായിട്ടുണ്ട്.

ഇത് ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ഇന്ത്യൻ മിഷൻ, ഇക്കാര്യം ബ്രിട്ടീഷ് വിദേശകാര്യ വിഭാഗത്തേയും അഭ്യന്തര വകുപ്പിനേയും ഇത് അറിയിച്ചു. ഇതേ തുടർന്നാണ് മെട്രോപോളിറ്റൻ പൊലീസ് ഉടനെ സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.പ്രതീക്ഷിച്ചതുപോലെ ഇത് ഇന്ത്യാവിരുദ്ധ ശക്തികളുടെ പ്രവർത്തിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പറഞ്ഞ ഇന്ത്യൻ ഹൈക്കമ്മീഷനിലെ വിശ്വേശ് നേഗി, ഇന്ത്യൻ കർഷകരുടെ പ്രതിഷേധം ഒരു അവസരമായി കണ്ട് ദേശവിരുദ്ധ ശക്തികൾ അവരുടെ അജണ്ട നടപ്പിലാക്കാൻശ്രമിക്കുകയാണെന്നും ആരോപിച്ചു.

കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായാൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മെട്രോപോളിറ്റൻ പൊലീസ് പ്രതിഷേധത്തിനു മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുവാൻ 30 ൽ അധികം ആളുകൾ കൂട്ടം ചേരരുതെന്നായിരുന്നു പ്രതിഷേധക്കാർക്ക് നൽകിയ നിർദ്ദേശം. എന്നാൽ ഇതിന്റെ പലമടങ്ങ് ജനങ്ങൾ കൂട്ടമായി എത്തിയതോടെ പൊലീസ് നടപടിയിലേക്ക് കടക്കുകയായിരുന്നു.

കോവിഡ്-19 നിയന്ത്രണങ്ങൾ ലംഘിച്ചതിന് 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ നാലുപേർ അവരുടെ വ്യക്തി വിവരങ്ങൾ നൽകിയതിനാൽ പിഴയോടുക്കി പറഞ്ഞുവിട്ടു.ബാക്കി ഒമ്പതുപേരും ഇപ്പോഴും കസ്റ്റഡിയിലാണ്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റം തന്നെയാണെന്ന് മെറ്റ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടയിൽ ആൾക്കൂട്ടത്തിനു നേരെ പടക്കം കത്തിച്ചെറിയുവാൻ ഒരുങ്ങിയ രണ്ട് കൗമാരക്കാരെപൊലീസ് പിടികൂടി. അവരിൽ നിന്നും പടക്കങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഈ വർഷം ഇതാദ്യമായാണ് ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം നടക്കുന്നതെങ്കിലും, കഴിഞ്ഞ വർഷം കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പ്രതിഷേധങ്ങൾ നടന്നിരുന്നു. അന്ന്, ഒട്ടുമിക്ക പ്രതിഷേധക്കാരും പാക്കിസ്ഥാൻ വംശജരായിരുന്നു. മാത്രമല്ല, ഇന്ത്യൻ എംബസി കെട്ടിടം തകർക്കാൻ അവർ ശ്രമിക്കുകയും ചെയ്തു.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബോറിസ് ജോൺസനുമായി സംസാരിക്കുകയും, ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കാൻ അനുവദിക്കുകയില്ലെന്ന് ബോറിസ് ജോൺസൺ ഉറപ്പു നൽകുകയും ചെയ്തിരുന്നു.