- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുന്നേൽക്കാൻ വൈകിയതിന് മകളെ വാക്കത്തിക്ക് വെട്ടി പിതാവ്; തലയ്ക്ക് വെട്ടേറ്റ 17കാരിയുടെ കൈവിരൽ മുറിഞ്ഞു തൂങ്ങി: അയൽ വീട്ടിൽ അഭയം തേടിയ പെൺകുട്ടി ആശുപത്രിയിൽ: പിതാവ് അറസ്റ്റിൽ
കറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ താമസിച്ചതിനു മകളെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയുടെ കൈവിരലും മുറിഞ്ഞു തൂങ്ങി. പതിനേഴുകാരിയായ മകളെയാണ് നിസ്സാര കാരണത്തിന് പിതാവ് അതിക്രൂരമായി ആക്രമിച്ചത്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്. തലയ്ക്കു സാരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മകൾ കിടന്ന മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയിൽ നിന്നു രക്തം വാർന്നൊഴുകിയതിനെത്തുടർന്നു ഉച്ചത്തിൽ നിലവിളിച്ചപ്പോൾ ഇയാൾ വീണ്ടും വെട്ടാനായി അടുത്തു. വെട്ടു തടയുന്നതിനിടയിൽ മകളുടെ വലതുകയ്യിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങി. ഭയചകിതയായ പെൺകുട്ടി അയൽവീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
സംഭവസമയത്ത് പിതാവും മകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സംഭവത്തെ തുടർന്നു സമീപത്തെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.