ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിപണിയിലെത്തിക്കാനുള്ള മത്സരത്തിലാണ് മരുന്നു കമ്പനികൾ. അതിനാൽ തന്നെ സാധാരണ വർഷങ്ങളെടുക്കുന്ന വാക്‌സീൻ ഗവേഷണം മിന്നൽവേഗത്തിലാണ് കമ്പനികൾ പൂർത്തിയാക്കുന്നത്. സീറം ഇന്ത്യയിൽ വിതരണത്തിനു തയ്യാറെടുക്കുന്ന 'കോവിഷീൽഡ്' രാജ്യത്തു പരീക്ഷണം നടത്തിയത് വെറും മൂന്നര മാസം.

1600 വൊളന്റിയർമാരിലായി 7 മാസം കൊണ്ട് ട്രയൽ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഓഗസ്റ്റ് 24ന് തുടങ്ങിയ ട്രയലിൽ നവംബർ 10നു തന്നെ മുഴുവൻ വൊളന്റിയർമാർക്കും വാക്‌സീൻ ഡോസ് നൽകി. ഇതിന്റെ ഫലപ്രാപ്തി അറിയാനുള്ള കാത്തിരിപ്പ് അവസാനിക്കുന്നതിനു മുൻപാണ് ഇടക്കാല റിപ്പോർട്ടുമായി കമ്പനി അപേക്ഷാ നടപടികളിലേക്കു കടന്നത്.

ഓക്‌സ്ഫഡ് വാക്‌സീന്റെ ഇന്ത്യയിലെ ഫലപ്രാപ്തി സംബന്ധിച്ച ചോദ്യത്തോട് സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചില്ല. 62% മുതൽ 90 % വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീൽ എന്നിവിടങ്ങളിലായി നടന്ന ട്രയൽഫലം. അതേസമയം, പറഞ്ഞതുപോലെ, ഈ വർഷാവസാനത്തിനു മുൻപു തന്നെ വാക്‌സീൻ ട്രയൽ പൂർത്തിയാക്കി അപേക്ഷ നൽകുമെന്ന വാഗ്ദാനം പാലിച്ചതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാല പറഞ്ഞു.