മഞ്ചേരി: ഒടുവിൽ മുന്നിൽ വന്ന പ്രതിബന്ധങ്ങളെ എല്ലാം അതിജീവിച്ച അശ്വതി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്. മെഡിക്കൽ ബോർഡ് വില്ലനായപ്പോൾ ഹൈക്കോടതി ഉത്തരവുമായെത്തിയാണ് ഇന്നലെ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. പിതൃസഹോദരൻ സുരേഷിനൊപ്പമാണ് ഇന്നലെ കോളജിൽ എത്തിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സിറിയക് ജോബിനെ കണ്ട് ഫീസ് അടച്ചു പ്രവേശന നടപടികൾ പൂർത്തിയാക്കി.

ഇനി സ്റ്റെതസ്‌കോപ്പും ഏപ്രണും ധരിച്ച് ക്ലാസിലിരിക്കുന്ന നാളിനായുള്ള കാത്തിരിപ്പാണ്. സെറിബ്രൽപാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് കരുവാരകുണ്ട് കക്കറ സ്വദേശിയായ പി.അശ്വതി നീറ്റ് പരീക്ഷയിൽ പ്രത്യേക പരിഗണനാ വിഭാഗത്തിൽ 556- ാം റാങ്ക് നേടിയത്. എന്നാൽ മെഡിക്കൽ ബോർഡ് വഴി മുടക്കി. 63.3% വൈകല്യം ഉള്ളതിനാൽ പ്രവേശനാനുമതി നിഷേധിക്കുന്നതായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ അശ്വതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എംബിബിഎസ് പ്രവേശന സമയപരിധി ഇന്നലെ അവസാനിക്കുന്നതു കൊണ്ടും അടുത്ത മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാകാനുള്ള സമയം ഇല്ലാത്തതിനാലും മഞ്ചേരിയിൽ പ്രവേശനം നൽകാൻ ഹൈക്കോടതി പ്രിൻസിപ്പലിന് നിർദ്ദേശം നൽകുകയായിരുന്നു.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷനൽ അഡ്‌മിഷൻ നൽകിയെന്നു കോളജ് അധികൃതർ അറിയിച്ചു.