- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടു ചെയ്യാനാകാതെ വി എസ്, ആന്റണി, ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള; ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാനത്തു വോട്ടില്ല
തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി പ്രമുഖർക്ക് വോട്ടു ചെയ്യാനായില്ല. വി എസ് അച്യുതാനന്ദൻ, എ.കെ ആന്റണി, കെ.ആർ ഗൗരിയമ്മ, ആർ ബാലകൃഷ്ണ പിള്ള എന്നിവർ ഇതിൽ പെടുന്നു. 1951 മുതൽ എല്ലാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്ത വി എസ്. അച്യുതാനന്ദന് ഇത്തവണ ആനാരോഗ്യം മൂലം അതു സാധിച്ചില്ല. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കു യാത്ര ചെയ്യാനാകാത്തതിനാൽ തപാൽ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, അതിനു നിയമമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
എ.കെ ആന്റണിയും ഇത്തവണ വോട്ട് ചെയ്യാൻ കേരളത്തിലെത്തിയില്ല. കോവിഡ് മുക്തനായ അദ്ദേഹം ഡൽഹിയിലെ വസതിയിൽ വിശ്രമത്തിലാണ്. കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള വോട്ടു ചെയ്തില്ല. പിള്ളയെ കഴിഞ്ഞ ദിവസം സന്ദർശിച്ച പാർട്ടിപ്രവർത്തകനു കോവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റീനിലായെന്നാണു വിശദീകരണം. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാനത്തു വോട്ടില്ലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലായതിനാൽ കവി സുഗതകുമാരി വോട്ടു ചെയ്തില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുടവന്മുകൾ ഗവ. എൽപി സ്‌കൂളിൽ വോട്ടു ചെയ്ത നടൻ മോഹൻലാൽ എത്തിയില്ല. പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള വിയോജിപ്പു മൂലം വോട്ടു ചെയ്തില്ല.
മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത വോട്ടു ചെയ്തില്ല. വോട്ടർപട്ടികയിൽ പേരു ചേർത്തിരുന്നില്ല. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത പ്രായാധിക്യത്തെത്തുടർന്നു വോട്ടു ചെയ്യാനെത്തിയില്ല. പട്ടികയിൽ പേരില്ലാത്തതിനാൽ ഓർത്തഡോക്‌സ് സഭ അടൂർകടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമിനു വോട്ടു രേഖപ്പെടുത്താനായില്ല.