- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലെ സ്ഥാനീയൻ; കമ്മ്യൂണിസ്റ്റ് അനനുഭാവി; അന്തരിച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ സംസ്‌ക്കാരം നടത്തിയത് സംസ്ഥാന ബഹുമതികളോടെ: ചിതയ്ക്ക് തീ കൊളുത്തിയത് മകൾ ഐഷ

കൊടുങ്ങല്ലൂർ: അന്തരിച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ സംസ്‌ക്കാരം സംസ്ഥാന ബഹുമതികളോടെ തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി. മകൾ ഐഷയാണ് ചിതയ്ക്ക് തീ കൊളുത്തിയത്. 97 വയസ്സായിരുന്ന അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തൃശൂർ കേരളവർമ കോളജിനു സമീപത്തെ വസതിയിൽ ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലെ സ്ഥാനീയനായിരുന്നു കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ചിറക്കൽ കോവിലകം രാമവർമരാജ. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കു അനുമതി നൽകുന്നതും ക്ഷേത്രത്തിലെ ആചാരങ്ങളിലെ അവസാന വാക്കും വലിയ തമ്പുരാന്റേതാണ്. ചരിത്ര പ്രസിദ്ധമായ ഭരണി, താലപ്പൊലി ചടങ്ങുകൾക്ക് അനുമതി നൽകുന്നതും വലിയ തമ്പുരാനാണ്.
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നു കഴിഞ്ഞ ഭരണി ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. തമ്പുരാന്റെ അധികാര ദണ്ഡുമായി എത്തിയ പ്രതിനിധിയാണു ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നു ചന്ദന മുട്ടിയും ചുവന്ന പട്ടും എത്തിച്ചായിരുന്നു സംസ്‌കാര ചടങ്ങുകൾ. ഭാര്യ: പരേതയായ അംബാലിക തമ്പുരാട്ടി (പന്തളം കൊട്ടാരം).
തെക്കേടത്ത് കടലായിൽ നാരായണൻ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ ചിറക്കൽ കോവിലകം കുഞ്ചുകുട്ടി തമ്പുരാട്ടിയുടെയും മകനായി 1923 മേയിലാണ് ജനനം. പാലസ് സ്‌കൂളിലും ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിനും ശേഷം ചെന്നൈയിൽ റേഡിയോ എൻജിനീയറിങ് ബിരുദം നേടി. തുടർന്നു എറണാകുളം റേഡിയോ കമ്പനി മാനേജരായി ദീർഘകാലം തൃശൂരിൽ ജോലി ചെയ്തു.
കമ്യുണിസ്റ്റ് അനുഭാവിയായി ഏറെക്കാലം പ്രവർത്തിച്ചു. 2013 ജനുവരിയിലാണു രാമവർമ രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്. പുത്തൻ കോവിലകത്തെയും ചിറക്കൽ കോവിലകത്തെയും തമ്പുരാനാണു വലിയ തമ്പുരാൻ സ്ഥാനം വഹിക്കുന്നത്.

