ലോകത്തിന്റെ പലഭാഗങ്ങളിലും ഇനിയും അണയ്ക്കാനാകാത്ത കാട്ടുതീ പോലെ കോവിഡ്-19 എന്ന മഹാമാരി കത്തിപ്പടരുകയാണ്. പ്രതിരോധ വാക്സിൻ ലോകത്തിലാദ്യമായി ബ്രിട്ടനിൽ കൊടുക്കാൻ ആരംഭിച്ചെങ്കിലും, ഇത് ലോകത്തിലെ ജനങ്ങൾക്ക് മുഴുവനും എന്ന് ലഭ്യമാകുമെന്ന് പറയാറായിട്ടില്ല. അതായത് ഈ ദുരിതം ഇനിയും കുറേനാൾ കൂടി നീണ്ടുപോകുമെന്നർത്ഥം. ഇതിനിടയിലാണ് കോവിഡ് പ്രതിരോധത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒരുനിർണ്ണായ കണ്ടുപിടുത്തവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ രംഗത്ത് എത്തുന്നത്.

കോവിഡ്-19 എന്ന മഹാമാരിയുടെ ശക്തി വർദ്ധിപ്പിച്ച് രോഗിയേ ഇന്റൻസീവ് കെയറിൽ ആക്കുവാനോ അല്ലെങ്കിൽ മരണത്തിൽ തെന്നെ കൊണ്ടെത്തിക്കുവാനോ പ്രധാന പങ്ക് വഹിക്കുന്നു എന്ന് അനുമാനിക്കപ്പെടുന്ന അഞ്ചു ജീനുകളെ തിരിച്ചറിഞ്ഞിരിക്കുന്നു. ബ്രിട്ടനിലെ വിവിധഭാഗങ്ങളിലുള്ള 208 ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ നിന്നായി 2,700 രോഗികളുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണത്തിലാണ് ഈ മുന്നേറ്റം സാധ്യമായത്.

ഈ പഠനത്തിന് വിധേയരായവരെല്ലാം തെന്നെ ഗുരുതരമായ കോവിഡ് ബാധിച്ചവരായിരുന്നു. ഇവരിൽ 22 ശതമാനം പേർ പിന്നീട് മരണമടഞ്ഞു. 74 ശതമാനം പേർക്ക് ശ്വാസോഛാസത്തിന് തടസ്സമുണ്ടായി വെന്റിലേറ്ററിനെ ആശ്രയിക്കേണ്ടതായി വന്നു. ഇവരുടെ ജനിതക ഘടന, ബ്രിട്ടനിലെ മറ്റ്1 ലക്ഷത്തോളം പേരുടെ ജനിതകഘടനയുമായി താരതമ്യപഠനം നടത്തിയപ്പോൾ അഞ്ച് പ്രത്യേക ജീനുകളുടെ സാന്നിദ്ധ്യം ഇവരിൽ കണ്ടെത്തി. എന്നാൽ ഈ ജീനുകൾ മറ്റ് സാധാരണക്കാരിൽ ഉണ്ടായിരുന്നില്ല.

ഇത്, ഈ ജീനുകൾക്ക് കോവിഡുമായുള്ള ബന്ധം കൃത്യമായി വ്യക്തമാക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഇത്തരത്തിൽ, രോഗബാധ മൂർഛിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ജീനുകളെ തിരിച്ചറിഞ്ഞാൽ പിന്നെ, രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ കണ്ടെത്താൻ എളുപ്പമാകും. ഇതിൽ, ടി വൈ കെ 2, ഡി പി പി9 എന്നിങ്ങനെയുള്ള രണ്ട് ജീനുകൾ കാണപ്പെട്ടത് ക്രോമസോം 19 ലും ഐ എദ് എൻ എ ആർ 2 എന്ന ജെൻ കണപ്പെട്ടത് ക്രോമസോം 21 ലും ആയിരുന്നു. മറ്റു രണ്ട് ജീനുകളായ സി സി ആർ 2 ഉം ഒ എ എസ്1 ഉം യഥാക്രമം ക്രോമസോം 4ലും 12 ലുമാണ് കാണപ്പെട്ടത്.

ഈ ജീനുകളെ കുറിച്ചുള്ള വിശദമായ പഠനം, കോവിഡ് എന്തുകൊണ്ട് ചിലരിൽ മരണകാരണം വരെ ആകുമ്പോൾ മറ്റു ചിലരെ കാര്യമായി ബാധിക്കാതെ പോകുന്നു എന്നതിനുള്ള വ്യക്തമായ ഉത്തരം നൽകും. മാത്രമല്ല, ഇത്, രോഗത്തിന് കൃത്യമായ പ്രതിരോധം കണ്ടെത്താനും സഹായിക്കും. ഇതിൽ തന്നെ ടി വൈ കെ 2 എന്ന ജീനിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുവാനാണ് ഗവേഷകർ തീരുമാനിച്ചിരിക്കുന്നത്.

ടി വൈ കെ ജീനുകൾ കൂടുതലായുള്ളവരിൽ കോവിഡ് കൂടുതൽ ശക്തിയാർജ്ജിച്ചതായി കണ്ടെത്തിയിരുന്നു. ടി വൈ കെ 2 ഒരുതരം എൻസൈം ഉദ്പാദിപ്പിക്കുന്നുണ്ട്. ഇതിന്റെ ഉദ്പാദനം അമിതമായാൽ അത് പല ഭാഗങ്ങളിലു അമിതമായ വീക്കത്തിനു കാരണമായേക്കാം. ഇത് മരണത്തിനു വരെ കാരണമായേക്കാം. എന്നാൽ ഇത് കോവിഡിന്റെ ശക്തി എങ്ങനെ വർദ്ധിപ്പിക്കുമെന്നത് ഇനിയും വ്യക്തമാകേണ്ട കാര്യമാണ്.