- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോ ഡീൽ ബ്രെക്സിറ്റ് എന്നുറപ്പായതോടെ വിപണി മൂക്കും കുത്തി വീണു; ഇടവേളയ്ക്ക് ശേഷം ഡോളറിനും യൂറോക്കും എതിരെ പൗണ്ട് കീഴോട്ട്; രൂപയുമായുള്ള വിലയിലും വൻ ഇടിവ് തുടങ്ങി
ബോറിസ് ജോൺസന്റെ ചർച്ചകൾ വിഫലമാകുമ്പോൾ ബ്രിട്ടനിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കും എന്ന സൂചനകൾ പുറത്തുവരുന്നു. യൂറോപ്യൻ യൂണിയനുമായി പ്രത്യേകിച്ച് വ്യാപാര കരാറുകൾ ഒന്നും ഇല്ലാതെത്തന്നെ വേർപിരിയേണ്ടി വരും എന്ന അവസ്ഥ വന്നതോടെ യൂറോയ്ക്കും ഡോളറിനും എതിരായി ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കാര്യമായി കുറയുവാൻ തുടങ്ങി. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ പൗണ്ടിന്റെ വിലയിൽ 0.9 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
മലയാളികൾ ഉൾപ്പടേയുള്ള നിരവധി ഇന്ത്യാക്കാരേയും ഈ തകർച്ച കാര്യമായി ബാധിക്കും. കഴിഞ്ഞ രണ്ടു ദിവസം മുൻപ് വരെ ഒരു പൗണ്ടിന് 99.369 ഇന്ത്യൻ രൂപവരെ കിട്ടിയിരുന്നസ്ഥാനത്ത് നിലവിൽ അത് 97.52 ആയി കുറഞ്ഞു. നാട്ടിൽ നിക്ഷേപം നടത്താനും നാട്ടിലേക്ക് പണം അയക്കുവാനും ഉദ്ദേശിക്കുന്നവർക്ക് ഇത് ഒരു നഷ്ടം തന്നെയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ബ്രിട്ടീഷ് പൗണ്ടിന് സംഭവിച്ച ഏറ്റവും വലിയ വീഴ്‌ച്ചയാണിത്. കരാറില്ലാത്തെ ബ്രെക്സിറ്റ് അടുക്കും തോറും ഇനിയും കൂടുതൽ തകർച്ച നേരിടേണ്ടി വന്നേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
കരാറുകളില്ലാത്ത ബ്രിക്സിറ്റിനാണ് സാധ്യത കൂടുതലെന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ഇടിവ് സംഭവിച്ചത്. മോർഗൻ സ്റ്റാൻലി പറയുന്നത് എഫ് ടി എസ് ഇ 250 സൂചികയിൽ 6 മുതൽ 10 ശതമാനം വരെ ഇടിവിന് കരാർ ഇല്ലാത്ത ബ്രെക്സിറ്റ് കാരണമാകും എന്നുതന്നെയാണ്. ബാങ്കുകളുടെ ഓഹരിവിലയിൽ 10 മുതൽ 20 ശതമാനം വരെ ഇടിവു സംഭവിക്കാം എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, കെട്ടിട നിർമ്മാണം തുടങ്ങിയ മേഖലകളും പ്രതിസന്ധിയിലാകും.
അതേസമയം, ആഗോളവിപണിയുടെ കര്യമെടുത്താൽ, കരാർ ഇല്ലാത്ത ബ്രെക്സിറ്റ് ബ്രിട്ടീഷ് വ്യവസായ മേഖലയ്ക്ക് പല പുതിയ മേഖലകളും തുറന്നു കൊടുക്കുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. കാനഡയുമായി ഉണ്ടാക്കിയ വ്യാപാരകരാർ, അമേരിക്ക, ആസ്ട്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ചാൽ അത് കരാറുകളില്ലാത്ത ബ്രെക്സിറ്റ് മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ സഹായിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയൊക്കെ ബ്രെക്സിറ്റിന് അകമ്പടിയായിഎത്തിയാലും ഇവയൊക്കെ താത്കാലികമായിരിക്കും എന്നാണ് മിക്ക സാമ്പത്തിക വിദഗ്ദരും കണക്കുകൂട്ടുന്നത്. എന്നാൽ, കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനു മുൻപ് തന്നെ മറ്റൊരു പ്രതിസന്ധി തീർച്ചയായും വലിയൊരു വെല്ലുവിളി തന്നെയായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. എന്നാൽ, കരാറുകളില്ലാത്തെ ബ്രെക്സിറ്റ്, കോവിഡ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട കരാറിനെ ബാധിക്കില്ല എന്നത് ഒരു ആശ്വാസം തന്നെയാണ്.
മറുനാടന് മലയാളി ബ്യൂറോ