സാങ്കേതികമായി പറഞ്ഞാൽ അധികാരങ്ങൾ ഒന്നുമില്ലെങ്കിലും ബ്രിട്ടീഷ് രാജകുടുംബം ഇന്നും ബ്രിട്ടീഷുകാരുടെ വികാരമാണ്. അവിടെയുള്ള ഓരോ സംഭവങ്ങളും ബ്രിട്ടീഷുകാർ ഏറ്റവും അധികം കൗതുകത്തോടെയാണ് വീക്ഷിക്കുന്നതും. അതുകൊണ്ടുതന്നെയാണ് വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും അവരുടെ മക്കളും ചേർന്ന് എടുത്ത ഒരു ഫോട്ടോ ചോർന്നത് വലിയൊരു വാർത്തയായത്. 2020-ൽ ക്രിസ്ത്മസ്സ് കാർഡിൽ ഉപയോഗിക്കുവാനായി ഇവർ എടുത്ത കുടുംബ ഫോട്ടോയാണ് ഒരു ആരാധകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

സുന്ദരമായ ശൈത്യകാല വസ്ത്രങ്ങൾ ധരിച്ച് രാജകുമാരനും കുടുംബവും പോസ് ചെയ്തിരിക്കുന്ന ഫോട്ടോയിൽ വില്യമിന്റെ മൂത്തമകൻ, ഏഴുവയസ്സുകാരനായ ജോർജ്ജ് രാജകുമാരൻ വില്യമിന്റെ തൊട്ടടുത്തായാണ് ഇരിക്കുന്നത്. ഷാർലറ്റ് രാജകുമാരി ഇരിക്കുന്നത് അമ്മ കേയ്റ്റ് രാജകുമാരിയുടെ മടിയിലും. കുടുംബത്തിലെ ഏറ്റവും ഇളയ ആളായാ ലൂയിസ് രാജകുമാരൻ അച്ഛനും അമ്മയ്ക്കും ഇടയിലായും ഇരിക്കുന്നു.

വിറകുകൾ അടുക്കിവച്ചിരിക്കുന്നതിന്റെ മുന്നിലായി, ഒരു വൈക്കോൽ കൂനയിൽ ഇരിക്കുന്ന ഈ ചിത്രം ഇതുവരെ കെൻസിങ്ടൺ കൊട്ടാരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റോയൽറ്റി 101 എന്നൊരു ഫാൻപേജാണ് ഇത് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എല്ലാ എൻ എച്ച് എസ് ജീവനക്കാർക്കും എന്ന് അഭിസംബോധന ചെയ്യുന്ന കാർഡിൽ എല്ലാവർക്കും ആനന്ദപ്രദവും ആഹ്ലാദദായകവുമായ ക്രിസ്ത്മസ്സ് നവവത്സര ആശംസകൾ എന്നും എഴുതിയിട്ടുണ്ട്. കാർഡിനകത്തായി വില്യമിന്റെ കൈപ്പടയിൽ എഴുതിയ മറ്റൊരു സന്ദേശവും ഉണ്ടെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.

ഈ വർഷം സുരക്ഷിതമായി കടന്നുപോകുവാൻ നിങ്ങൾ ചെയ്ത ത്യാഗങ്ങൾക്കും നിങ്ങളുടെ അർപ്പണബോധത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല എന്നാണ് രാജകുമാരൻ എൻ എച്ച് എസ് ജീവനക്കാർക്കായി സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത്. വില്യമും കേയ്റ്റും ഈ കാർഡിൽ ഒപ്പുവച്ചിട്ടുമുണ്ട്. ഈ ഫോട്ടോ എടുത്തത് എവിടെയാണെന്ന് വ്യക്തമല്ല. ലോക്ക്ഡൗൺ കാലത്ത് അധിക സമയവും ഇവർ ചെലവഴിച്ചിരുന്നത് ഇവരുടെ നോർഫോക്കിലുള്ള വസതിയിലായിരുന്നു. ഇതുനുമുൻപുള്ള ആശംസാ കാർഡുകളിലെ ചിത്രങ്ങൾ ഒക്കെയും തന്നെ അവിടെവച്ച് എടുത്തതുമായിരുന്നു.

ക്രിസ്ത്മസ്സിന് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുൻപ് ചോർന്നെങ്കിലും, ഈ ആശംസാ കാർഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആരോഗ്യപ്രവർത്തകരെ അനുസ്മരിക്കാൻ രാജകുമാരൻ കാണിച്ച മനസ്സിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിരവധി സന്ദേശങ്ങളും എത്തുന്നുണ്ട്. ആ മനസ്സ് നന്നായി അറിയാവുന്നതുകൊണ്ടാണ് ബ്രിട്ടീഷുകാർ ഇപ്പോഴും രാജകുടുംബത്തെ സ്നേഹിക്കുന്നതെന്ന് ധാരാളം പേർ ഇതിനു താഴെ കമന്റായി ഇട്ടിട്ടുമുണ്ട്.