- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികം; അതിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കൺവീനർ ഹസ്സന്റെ വാദം ബാലിശം; പിണറായിയുടെ പ്രസ്താവനയെ പിന്തുണച്ച് വിജയരാഘവൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സൗജന്യ വാക്സിൻ പ്രഖ്യാപനം സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇതിൽ ചട്ടലംഘനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ചികിത്സയുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാർ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോവിഡ് വാക്സിനും കോവിഡ് ചികിത്സയുടെ ഭാഗമാണ്. കോവിഡ് കാര്യങ്ങൾ വിശദീകരിക്കാനുള്ള വാർത്താസമ്മേളനത്തിൽ കോവിഡ് വാക്സിൻ സംബന്ധിച്ച അഭിപ്രായ പ്രകടനങ്ങളോ പ്രസ്താവനയോ നടത്തുന്നത് സ്വാഭാവികമാണ്. അതിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കൺവീനർ എംഎ ഹസ്സന്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് വാക്സിൻ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂരിൽ വെച്ച് ഇത്തരം പ്രഖ്യാപനം നടത്തിയത് വോട്ടർമാരെ സ്വാധീനിക്കാനാണെന്നും ഹസ്സൻ ആരോപിച്ചു.
ഈ വാദങ്ങളെ തള്ളിയാണ് എ വിജയരാഘവൻ രംഗത്തെത്തിയത്. വളരെ സമഗ്രമായി രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന പ്രശ്നങ്ങളും സംബന്ധിച്ച് ഇടതുമുന്നണിയുടേയും ഈ സർക്കാരിന്റേയും നിലപാട് പറയുയാണ് മുഖ്യമന്ത്രി ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഘട്ടത്തിൽ അത് സ്വാഭാവികമാണ്. ഏത് പ്രസ്താവനയും ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ഒരാളാണ് മുഖ്യമന്ത്രി. അദ്ദേഹം പറഞ്ഞതെല്ലാം കൃത്യതയുള്ള നിലപാടുകളാണ്.
സ്വന്തം രാഷ്ട്രീയ നിലപാടുകളിൽ വ്യക്തത ഇല്ലാത്തതുകൊണ്ട് സ്വന്തം സഖ്യം വിശദീകരിക്കാൻ പാടുപെടുകയാണ് യുഡിഎഫ്. അതുകൊണ്ടാണ് ലൈഫ് ഉൾപ്പെടെയുള്ള കേരളത്തിന്റെ സ്വപ്നപദ്ധതികളെ അട്ടിമറിക്കുമെന്ന് കോൺഗ്രസ് പറയുന്നത്. നിരാശയിൽ നിന്നുയർന്നുവന്ന അഭിപ്രായ പ്രകടനങ്ങളായി ഇതിനെ കണ്ടാൽ മതി. അതിൽനിന്നാണ് ഈ ബാലിശമായ വാദങ്ങൾ ഉണ്ടാവുന്നതെന്നും എ വിജയരാഘവൻ പ്രതികരിച്ചു.