ചെന്നൈ: പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കമൽഹാസൻ. കോവിഡ് കാരണം ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങൾ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് എന്ന് കമൽ ചോദിച്ചു. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം എന്നും കമൽ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കമലിന്റെ പ്രതികരണം.

ചൈനയിലെ പഴയ ഭരണകാലത്തെ പരാമർശിച്ചുകൂടിയായിരുന്നു കമലിന്റെ വിമർശനം. 'ചൈനയിൽ വന്മതിൽ പണിയുമ്പോൾ ആയിരക്കണക്കിന് തൊഴിലാളികൾ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതിൽ എന്നാണ്.' - കമൽ ചൂണ്ടിക്കാട്ടി. നേരത്തേ കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളെ എതിർത്തും കമൽ രംഗത്തു വന്നിരുന്നു.

റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമൽ അന്ന് താരതമ്യം ചെയ്തിരുന്നു. തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ കമൽഹാസൻ ചെന്നൈയിലെ മൈലാപ്പൂർ മണ്ഡലത്തിൽ നിന്നോ രാമനാഥപുരത്ത് നിന്നോ മത്സരിക്കാനുള്ള സാധ്യതയാണ് ഉള്ളത്.

പാർട്ടിയിലെ പ്രധാന നേതാക്കൾക്ക് പുറമെ മറ്റ് സാമൂഹ്യപ്രവർത്തകർക്കും ജനകീയ അംഗീകാരമുള്ളവർക്കും സീറ്റ് നൽകും എന്ന് മക്കൾ നീതി മയ്യം രണ്ട് മാസം മുൻപ് തീരുമാനിച്ചിരുന്നു. കമലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.