ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സീൻ വിതരണം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ പുതിയ മാർഗരേഖയ്‌ക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്. ആദ്യഘട്ട വാക്‌സിനേഷനിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരെ പരിഗണിക്കുന്നത് വോട്ടർ പട്ടിക അനുസരിച്ചാണെന്ന നിർദേശമാണ് വിവാദമായത്. വോട്ടർ പട്ടികയിലെ പേര് അടിസ്ഥാനമാക്കിയല്ല മറിച്ച് രാജ്യത്തുള്ള എല്ലാ പൗരനും വാക്‌സീൻ സ്വീകരിക്കാൻ അനുമതി നൽകണമെന്നാണ് തൃണമൂൽ കോൺഗ്രസ് എംപിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബംഗാൾ വിഭാഗം പ്രസിഡന്റുമായ ശന്തനു സെൻ അഭിപ്രായപ്പെട്ടത്.

'എങ്ങനെയാണ് വോട്ടർ പട്ടികയിലെ പേരിന്റെ അടിസ്ഥാനത്തിൽ വാക്‌സീൻ നൽകാനാകുക? അപ്പോൾ പട്ടികയിൽ പേരില്ല, എന്നാൽ മറ്റു രേഖകളെല്ലാം കൈവശമുള്ളവർ എന്തു ചെയ്യും? അവർ പുറന്തള്ളപ്പെടുമോ?' എന്നും ശന്തനു ചോദിച്ചു. സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം അൻപതു വയസ്സിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകുക. ഏറ്റവും പുതിയ വോട്ടർ പട്ടിക ഉപയോഗിച്ചാണ് 50 വയസ്സിനു മുകളിലുള്ളവരെ വാക്‌സീൻ നൽകാനായി കണ്ടെത്തുക. സർക്കാരിന്റെ ഈ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്.

വാക്‌സീൻ ലഭ്യമാകുന്ന മുറയ്ക്ക് അത് ജനങ്ങൾക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട നിർദേശങ്ങളാണ് ഞായറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. അടുത്ത ജൂലൈയോടെ പദ്ധതിയുടെ ഭാഗമായി 250-300 ദശലക്ഷം ആളുകൾക്ക് വാക്‌സീൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചു.

സർക്കാർ പുറത്തിറക്കിയ മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്: അൻപതു വയസ്സിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകുക. അതിനു പിന്നാലെ പ്രമേഹം, ഹൈപ്പർ ടെൻഷൻ, ശ്വാസകോശ അസുഖങ്ങൾ ഉള്ളവർ എന്നിവർക്കു നൽകും. തുടർന്ന് വാക്‌സീന്റെ ലഭ്യത അനുസരിച്ച് മറ്റുള്ളവർക്ക് നൽകും. ഏറ്റവും പുതിയ വോട്ടർ പട്ടിക ഉപയോഗിച്ചാണ് 50 വയസ്സിനു മുകളിലുള്ളവരെ വാക്‌സീൻ നൽകാനായി കണ്ടെത്തുക.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് പോരാളികൾക്കുമാണ് നൽകുന്നതെങ്കിലും അത്യാവശ്യ രോഗികൾ ഉണ്ടെങ്കിൽ അവർക്ക് പരിഗണന നൽകാവുന്നതാണ്. വാക്‌സിനേഷൻ നടത്തേണ്ട ദിവസങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം.

നേരത്തെ രജിസ്റ്റർ ചെയ്തവർക്കു മാത്രമേ മുൻഗണനാ ക്രമത്തിൽ വാക്‌സീൻ നൽകുകയുള്ളൂ. ഒരു സെഷനിൽ 100 പേർക്കാവും നൽകുക. വാക്‌സീനേഷൻ നടക്കുന്ന സ്ഥലങ്ങളിൽ ഓൺ ദി സ്‌പോട്ട് വാക്‌സീനേഷൻ അനുവദിക്കുകയില്ല. ഒരു വാക്‌സീനേഷൻ ഓഫിസർ, ഒരു ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് തുടങ്ങിയവർ അടങ്ങിയതാവും വാക്‌സീനേഷൻ സംഘം.