മേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായി മാറിയിരിക്കുകയാണ് ട്രംപ്. ചരിത്രം കണ്ട ഏറ്റവും മോശം പ്രസിഡണ്ടാണ് അദ്ദേഹം എന്ന് വിധിയെഴുതിയത് 42 ശതമാനം പേരാണ്. അതേസമയം, കേവലം 22 ശതമാനം പേർ മാത്രമാണ് ട്രംപ് മഹാനായൊരു പ്രസിഡണ്ട് എന്ന രീതിയിൽ ഓർമ്മിക്കപ്പെടുമെന്ന അഭിപ്രായം പറഞ്ഞത്. ഇനി കസേരയിൽ കേവലം ഒരു മാസം മാത്രം ബാക്കി നിൽക്കെ നാലുവർഷം മുൻപത്തെ അമേരിക്ക കൂടുതൽ മോശപ്പെട്ട സാഹചര്യങ്ങളിലാണ് ഇപ്പോഴെന്ന കാഴ്‌ച്ചപാടാണ് 55 ശതമാനം പേർക്ക്.

സുപ്രീം കോടതി വിധി പോലും മാനിക്കാതെ, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുനടന്ന തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞതെന്ന വാദവുമായി വീണ്ടും ട്വിറ്ററിൽ ട്രംപ് എത്തിയപ്പോഴാണ് ഈ അഭിപ്രായ വോട്ടെടുപ്പിന്റെയും ഫലം പുറത്തുവരുന്നത്. അതേസമയം, ഇത്തരത്തിൽ ആക്ഷേപമുന്നയിച്ച് നൽകിയ പരാതികളെല്ലാം സുപ്രീംകോട്തി തള്ളിക്കളഞ്ഞതോടെ ജോ ബൈഡൻ ജനുവരി 20 ന് തന്നെ അധികാരമേൽക്കും എന്ന് ഉറപ്പായിരിക്കുകയാണ്.

സുപ്രീം കോടതി വിധിയിൽ നിരാശരേഖപ്പെടുത്തിയ ട്രംപ് തന്റെ നിയമപോരാട്ടം തുടരുമെന്ന് അറിയിച്ചു.ഞായറാഴ്‌ച്ച നൽകിയ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമവിരുദ്ധമായ രീതിയിൽ അമേരിക്കയ്ക്ക് ഒരു പ്രസിഡണ്ട് ഉണ്ടാകുന്നതിനെ കുറിച്ചോർത്ത് താൻ ആശങ്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കുന്നതിൽ റിപ്പബ്ലിക്കൻ പ്രവർത്തകരേക്കാൾ ഡെമോക്രാറ്റിക് പ്രവർത്തകർ സമർത്ഥരായതിനാലാണ് ബൈഡൻ ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നിയമജ്ഞർ എല്ലാ തെളിവുകളും സഹിതമാണ് തട്ടിപ്പിനെതിരെ പരാതി ബോധിപ്പിച്ചതെന്നും എന്നാൽ, സുപ്രീം കോടതിയിലേതുൾപ്പടെ ജഡ്ജിമാർക്ക് ആർക്കും ആർജ്ജവമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതിക്ക് നിരക്കാത്ത തീരുമാനം എന്നാണ് സുപ്രീം കോടതിവിധിയെ ട്രംപ് ട്വീറ്ററിൽ വിശേഷിപ്പിച്ചത്. അതേസമയം ഞായറാഴ്‌ച്ചയും ട്രംപിന്റെ അനുയായികൾ വാഷിങ്ടൺ ഡി സിയിൽ പ്രകടനം നടത്തി. ട്രംപ് അനുകൂലികളും വിരുദ്ധരും തമ്മിൽ ചെറിയതോതിൽ സംഘർഷവും നടന്നു.ഇതിൽ ഒരുാൾക്ക് വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്.

ഏതായാലും സുപ്രീം കോടതി വിധി വന്നതോടെ ട്രംപിന് മുന്നിലെ നിയമപരമായ മാർഗ്ഗങ്ങളെല്ലാം അടഞ്ഞിരിക്കുന്നു എന്നാണ് നിയമവിദഗ്ദർ പറയുന്നത്. ഇനി ട്രംപിന് കസേരയൊഴിഞ്ഞുകൊടുത്തേ മതിയാകൂ. ഇല്ലാത്തപക്ഷം ട്രംപിനെതിരെ നിയമനടപടികൾ ഉണ്ടാകും. എന്നാൽ, ഇന്നലെവരെയുള്ള ട്രംപിന്റെ സംസാരങ്ങളും മറ്റും ശ്രദ്ധിച്ചാൽ, അധികാരം ഒഴിയാനുള്ള ഒരു മാനസികാവസ്ഥയിലല്ല ട്രംപ് എന്നാണ് സൂചിപ്പിക്കുന്നത്.

ജനുവരിയിൽ അധികാരക്കൈമാറ്റം നടക്കുന്ന ദിവസം അടുത്തുവരും തോറും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.