കൊച്ചി: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ചേർത്തല പള്ളിപ്പുറം സ്വദേശിയായ സോനൽ സെബാസ്റ്റൻ എന്ന യുവാവിനാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായത്. നേരം ഇരുട്ടി വെളുത്തപ്പോൾ 60,300 രൂപയാണ് യുവാവിന്റെ അക്കൗണ്ടിൽ നിന്നും പോയത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സോനലിന്റെ ക്രെഡിറ്റ് കാർഡിൽനിന്നും തട്ടിപ്പുകാർ പണം അപഹരിച്ചത്.

രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോഴാണ് സോനൽ തട്ടിപ്പ് നടന്ന വിവരമറിയുന്നത്. ഇന്റർനാഷണൽ ഓൺലൈൻ യൂസേജ് സംവിധാനം ആക്ടിവേറ്റ് ചെയ്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. പിന്നാലെ ക്രെഡിറ്റ് കാർഡിന്റെ പാസ് വേർഡ് മാറ്റാനുള്ള ഒ.ടി.പി.യും പാസ് വേർഡ് മാറ്റിയ എസ്.എം.എസുമെല്ലാം ഫോണിലേക്ക് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പോളണ്ടിലെ വെബ്‌സൈറ്റിൽനിന്നും ആമസോൺ വെബ്‌സൈറ്റിൽനിന്നും പർച്ചേഴ്‌സ് നടത്തിയതായി എസ്.എം.എസ്. വന്നത്. പുലർച്ചെ മൂന്ന് മണി മുതൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിലാണ് ഈ എസ്.എം.എസുകളെല്ലാം വന്നത്. ഉറങ്ങുകയായിരുന്നതിനാൽ എസ്.എം.എസ്. വന്നപ്പോൾ സോനൽ അറിഞ്ഞതുമില്ല.

പണം നഷ്ടപ്പെട്ടെന്ന് മനസിലായതോടെ ഉടൻതന്നെ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക് ചെയ്തതായി സോനൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തിൽ കേസ് നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായും ആലപ്പുഴ സൈബർ സെല്ലിൽ താൻ നേരിട്ട് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് അനുദിനം നിരവധി സൈബർ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ചേർത്തല സ്വദേശിയായ യുവാവിനും തട്ടിപ്പിലൂടെ പണം നഷ്ടമായിരിക്കുന്നത്.