കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയേക്കാൾ രൂക്ഷമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, സൗരോർജ്ജ മേഖലയിൽ ഇന്ത്യ കൈവരിച്ച അഭൂതപൂർവ്വമായ നേട്ടങ്ങളെ ഏറെ പ്രകീർത്തിച്ചു. പാരീസ് കാലാവസ്ഥാ കരാറിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടൻ ആഥിതേയത്വം അരുളുന്ന ക്ലൈമറ്റ് അമ്പീഷൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെർച്വൽ ആയി നടന്ന ഈ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേൻ ദ്ര മോദി ഉൾപ്പടെ 70 രാഷ്ട്രത്തലവന്മാർ പങ്കെടുത്തു. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാൻ ബ്രിട്ടൻ പരിശ്രമിക്കുകയാണെന്ന് പറഞ്ഞബോറിസ് ജോൺസൺ കൂടുതൽ വ്യാപകമായ രീതിയിൽ സൗരോർജ്ജ പദ്ധതികളുമായി മുന്നോട്ട് പോകാൻ ബ്രിട്ടൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ, ആസ്ട്രേലിയ മൊറോക്കോ എന്നീ രാജ്യങ്ങൾ ഈ മേഖലയിൽ അഭൂതപൂർവ്വമായ മുന്നേറ്റം കൈവരിച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

കാർബൺ സൗഹാർദ്ദ മാർഗ്ഗങ്ങളിലൂടേഹരിത വ്യാവസായിക വിപ്ലവം നടപ്പിൽ വരുത്തുവാനുള്ള പത്തിന പരിപാടികളുമായി ബ്രിട്ടൻ അതിവേഗം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സൂചിപ്പിച്ചു. എണ്ണയുടെ കാര്യത്തിൽ സൗദി എന്നതുപോലെ വാതോർജ്ജത്തിന്റെ കാര്യത്തിൽ ബ്രിട്ടൻ എന്ന സ്ഥിതി 2030 ഓടെ കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ വീടുകൾക്കും ആവശ്യമായ വൈദ്യൂതി അപ്പോഴേക്കും വാതോർജ്ജത്തിൽ നിന്നും ഉദ്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

2021 നവംബറിൽ ഐക്യരാഷ്ട്ര സഭയുടെ കോപ് 26 ഉച്ചകോടി ബ്രിട്ടനിൽ നടക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു ഇപ്പോൾ ഈ വെർച്വൽ ഉച്ചകോടി സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണമാണ് കോപ് 26 ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. അമിതലാഭത്തിനായി പ്രകൃതിയെ പരിധിക്കപ്പുറം ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളോട് ഈ ഉച്ചകോടി ആവശ്യപ്പെടും.

ഒരു നാശത്തിന്റെ മുന്നോടിയായി ആഗോള താപം 3 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണീച്ച ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേർസ്, ഓരോ രാജ്യവും കാർബൺ വികിരണം പരിധിയിൽ ആക്കുന്നതുവരെ രാജ്യങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ആഗോള താപനം 1.5 ഡിഗ്രിയായി ചുരുക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ നടപടികൾ ആവശ്യമാണെന്ന് ബ്രിട്ടീഷ് ബിസിനസ്സ് സെക്രട്ടറിയും കോപ്26 പ്രസിഡണ്ടുമായ അലോക് ശർമ്മ അഭിപ്രായപ്പെട്ടു.

പുനരുപയോഗം ചെയ്യാവുന്ന ഊർജ്ജസ്രോതസ്സുകളെ ഉപയോഗിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് മാത്രമേ ഭൂമിയെ രക്ഷിക്കാൻ കഴിയുകയുള്ളു എന്ന് ശനിയാഴ്‌ച്ച ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല, ഈ ദിശയിലുള്ള പ്രവർത്തനം അതീവ നൈപുണ്യം ആവശ്യമുള്ള നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു പുറത്തുള്ള ഫോസിൽ ഇന്ധനമേഖലയ്ക്ക് നൽകിവരുന്ന പിന്തുണ നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.