കോഴിക്കോട്: അന്തരിച്ച സിഎസ്‌ഐ ഉത്തര കേരള മഹായിടവക മുൻ ബിഷപ് ഡോ. പി.ജി.കുരുവിള (88)യ്ക്ക് ആദരാഞ്ജലികളുമായി ക്രൈസ്തവ സമൂഹം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച അർധരാത്രിയോടെ ഗാന്ധിറോഡ് 'ഷാലറ്റ്' വസതിയിൽ ആയിരുന്നു അന്ത്യം. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം 17ന് സംസ്‌ക്കരിക്കും.

17 നു കാലത്ത് 9 നു നടക്കാവ് സിഎസ്‌ഐ സെന്റ് മേരീസ് ഇംഗ്ലിഷ് ചർച്ചിൽ സംസ്‌കാര ശുശ്രൂഷയുടെ പ്രാരംഭ പ്രാർത്ഥനയും പൊതുദർശനവും നടത്തും. തുടർന്നു വിലാപ യാത്ര. 10 മുതൽ ഉച്ചയ്ക്കു 1.30 വരെ സിഎസ്‌ഐ കത്തീഡ്രലിൽ പൊതുദർശനം. ഈ സമയത്തു സഭകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും അന്ത്യോപചാരം അർപ്പിക്കാം. 2 മുതൽ 3 വരെ സിഎസ്‌ഐ കത്തീഡ്രലിൽ അന്ത്യശുശ്രൂഷകളും കബറടക്കവും നടത്തും. 1990 സെപ്റ്റംബർ 30 നാണു ഉത്തര കേരള മഹായിടവകയുടെ അധ്യക്ഷനായി ഡോ. പി.ജി. കുരുവിള അഭിഷിക്തനായത്. 1997 ഡിസംബർ 26 വരെ തൽസ്ഥാനത്തു തുടർന്നു.

ആലുവ പൂരാകുളം വീട്ടിൽ പി. ജി.കുരുവിളയുടെയും കരുനാഗപ്പള്ളി പുതുപ്പുരയ്ക്കൽ കുഞ്ഞമ്മയുടെയും മകനായി 1932 ഡിസംബർ 26നു കരുനാഗപ്പള്ളിയിൽ ജനിച്ചു. ബെംഗളൂരുവിലെ യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ നിന്നു ബാച്ലർ ഓഫ് ഡിവിനിറ്റി (ബിഡി) ബിരുദവും മാസ്റ്റർ ഓഫ് തിയോളജി (എംഡിഎച്ച്) ബിരുദാനന്തര ബിരുദവും നേടി. 1959 ൽ ഡീക്കൻ പട്ടവും 1960 ൽ വൈദികപട്ടവും ലഭിച്ചു. കോഴിക്കോട് ചോമ്പാല മാ വീട്ടിൽ വയോളയാണു ഭാര്യ. മക്കൾ: ദീപക്, സജന. മരുമകൻ: മനു ടൈറ്റസ് (ഓസ്‌ട്രേലിയ).