- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം, തമിഴ്, കന്നഡ, തുടങ്ങി അഞ്ച് ഭാഷകളിലായി 55ഓളം സിനിമകൾ; അഞ്ച് തവണ ദേശിയ പുരസ്ക്കാരം നൽകി രാജ്യം ആദരിച്ച അപൂർവ്വ പ്രതിഭ: അന്തരിച്ച കലാസംവിധായകൻ പി.കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം
ചെന്നൈ: അന്തരിച്ച പ്രശസ്ത കലാസംവിധായകൻ പി. കൃഷ്ണമൂർത്തി (77)ക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം. ഞായറാഴ്ച രാത്രി ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. വിവിധ ഭാഷകളിൽ നിന്നായി ഒട്ടേറെ പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ അദ്ദേഹത്തിന് വിട ചൊല്ലുകയാണ് കലാ ലോകം. പ്രശസ്തിയുടെ കൊടുമുടി കയറി എങ്കിലും പക്ഷേ, അവസാനകാലത്തു സാമ്പത്തിക പരാധീനതയിലായിരുന്നു. ചികിത്സയ്ക്കു പോലും പണം കണ്ടെത്താൻ പ്രയാസപ്പെട്ട നാളുകൾക്കൊടുവിലാണ് അന്ത്യം.
മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55-ഓളം സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. ഒട്ടേറെ മലയാള സിനിമകളുടെ പിന്നണിയിലും പ്രവർത്തിച്ച അദ്ദേഹത്തെിന് അഞ്ചു തവണ കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ലെനിൽ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതിതിരുനാൾ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂർത്തിയുടെ മലയാളത്തിലേക്കുള്ള പ്രവേശനം.
സ്വാതിതിരുനാൾ, വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, രാജശിൽപി, പരിണയം, ഗസൽ, കുലം, വചനം, ഒളിയമ്പുകൾ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈനിങ് മേഖലകളിലും പ്രതിഭ തെളിയിച്ചു. തമിഴ് ഇതിഹാസ കവി സുബ്രഹ്മണ്യ ഭാരതിയുടെ ജീവിതം പ്രമേയമായ 'ഭാരതി' എന്ന ചിത്രത്തിൽ കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനും ദേശീയ പുരസ്‌കാരം നേടി. തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന അവാർഡിന് പുറമെ കലൈമാമണി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്പുഹാറിൽ ജനിച്ച കൃഷ്ണമൂർത്തി 1975-ൽ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്.
ഭാരതിരാജയും ബാലു മഹേന്ദ്രയും തമിഴ് സിനിമയിൽ പുതിയ ഭാവുകത്വം കൊണ്ടുവന്നപ്പോൾ കൃഷ്ണമൂർത്തിയും ഒപ്പമുണ്ടായിരുന്നു. നാടോടി തെൻട്രൽ, വണ്ണവണ്ണപ്പൂക്കൾ, നാൻ കടവുൾ തുടങ്ങിയ സിനിമകൾ ശ്രദ്ധേയം. മനോജ് നെറ്റ് ശ്യാമളനൊപ്പം പ്രേയിങ് വിത് ആംഗർ, ജഗ് മുന്ദ്ര സംവിധാനം ചെയ്ത പെർഫ്യൂംഡ് ഗാർഡൻ എന്നീ ഹോളിവുഡ് ചിത്രങ്ങളിലും സഹകരിച്ചു.
മയിലാടുതുറൈ ജില്ലയിലെ പൂംപൂഹാറിൽ ജനിച്ച അദ്ദേഹം, മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്നും സ്വർണമെഡലോടെ ബിരുദം നേടിയശേഷം നാടക വേദികളിലാണ് ആദ്യം എത്തിയത്. കന്നഡ ചിത്രം ഹംസഗീഥെ (1975)യായിരുന്നു ആദ്യ സിനിമ. സംസ്‌കാരം നടത്തി. ജയലക്ഷ്മിയാണു ഭാര്യ.
മറുനാടന് മലയാളി ബ്യൂറോ