ബെംഗളൂരു: വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. റോദം നരസിംഹ അന്തരിച്ചു. 87 വയസായിരുന്നു. 2013ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുള്ള അദ്ദേഹം തന്റെ കണ്ടുപിടുത്തങ്ങൾക്ക് നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) മുൻ ചെയർമാൻ സതീഷ് ധവാന്റെ ആദ്യ വിദ്യാർത്ഥിയാണ്.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു (ഐഐഎസ്സി) ബിരുദാനന്തരബിരുദവും യുഎസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് പിഎച്ച്ഡിയും നേടിയ നരസിംഹ ഇന്ത്യൻ ശാസ്ത്രമേഖലയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഇന്ത്യയുടെ ആദ്യ പാരലൽ കംപ്യൂട്ടർ തുടങ്ങിയവ രൂപകൽപന ചെയ്തത് ഇതിൽപെടും. 1978ലെ ഭട്‌നാഗർ പ്രൈസ്, 2006ൽ ട്രീസ്റ്റെ സയൻസ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ നരസിംഹയെ 2013ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.