തിരുവനന്തപുരം: തേനീച്ചയുടെയും കടന്നലിന്റെയും കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വനം വകുപ്പ് നടപടി തുടങ്ങി. അടുത്ത മന്ത്രിസഭാ യോഗം ഇതു പരിഗണിക്കും.

2018 ൽ നിയമസഭാ സമിതിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ഇക്കാര്യം പരിശോധിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി ആവശ്യപ്പെട്ടത്. കടന്നൽക്കുത്തേറ്റു മരിക്കുന്നവരുടെ ആശ്രിതർക്കു മാത്രം നഷ്ടപരിഹാരം നൽകിയാൽ മതിയെന്നായിരുന്നു അന്നത്തെ ചർച്ചയിൽ അഭിപ്രായം ഉയർന്നത്.

സംസ്ഥാനത്ത് ഒരു വർഷം 58 പേർ വരെ കടന്നൽതേനീച്ച കുത്തേറ്റ് മരിക്കുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. പാമ്പു കടിയേറ്റു മരിക്കുന്നവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും കാട്ടാന ഉൾപ്പെടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി വനം വകുപ്പ് നൽകുന്നത്.