തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ ആരാണ് ജയിക്കുക എന്നറിയാൻ ഇനി ഏതാനും മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ മതി. ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണൽ ഉച്ചയോടെ പൂർത്തിയാക്കി സമ്പൂർണ ഫലം പുറത്തു വരും. കോവിഡ്് സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി വളരെ സൂക്ഷ്മതയോടെയാണ് വോട്ടെണ്ണുന്നത്. ആദ്യം തപാൽ വോട്ടുകളാവും എണ്ണുക.

കോവിഡ് സ്‌പെഷൽ വോട്ടർമാരുടെ ഉൾപ്പെടെ 2,11,846 തപാൽ വോട്ടുകളാണ് ഇത്തവണയുള്ളത്. സത്യപ്രസ്താവനയില്ലാത്തവ, വോട്ട് രേഖപ്പെടുത്താത്തവ, അവ്യക്തമായവ തുടങ്ങിയ തപാൽ വോട്ടുകൾ എണ്ണില്ല. ഗ്രാമബ്ലോക്ക്ജില്ലാ പഞ്ചായത്തുകളിലെ തപാൽ വോട്ടുകൾ അതത് കേന്ദ്രങ്ങളിലെ വരണാധികാരികളാണ് എണ്ണുക. ഇത്തവണ കോവിഡ് സാഹചര്യമായതിനാൽ തപാൽ വോട്ടുകളുടെ എണ്ണം വളരെ കൂടുതലാണ്. കോവിഡ് ബാധിച്ചവർക്ക് പോസ്റ്റൽ വോട്ട് സൗകര്യമാണ് ഒരുക്കിയിരുന്നത്. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണു വോട്ടെണ്ണൽ. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക.

അതേസമയം തപാൽ വോട്ടുകൾ എണ്ണിത്തീരാൻ കാത്തു നിൽക്കാതെ തന്നെ വോട്ടിങ് യന്ത്രങ്ങളും എണ്ണി തുടങ്ങും. ഇതിനായി സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ പുറത്തെത്തിക്കും. വോട്ടെടുപ്പിനു ശേഷം പൊലീസ് കാവലിലാണ് സ്‌ട്രോങ് റൂമുകളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. വോട്ടെണ്ണുന്ന മേശയിലേക്ക് സീൽ ചെയ്ത കൺട്രോൾ യൂണിറ്റ് മാത്രമാണ് കൊണ്ടു വരുന്നത് (ബാലറ്റ് യൂണിറ്റിലാണ് നാം വോട്ടു ചെയ്യുക. അതിനു പക്ഷേ വോട്ടെണ്ണലിൽ റോളില്ല. വോട്ടുകളെല്ലാം കൺട്രോൾ യൂണിറ്റിൽ ഭദ്രമായിരിക്കും). കൺട്രോൾ യൂണിറ്റിനൊപ്പം രണ്ട് കവറും വരും. 24എ (അക്കൗണ്ട് ഓഫ് വോട്ട്‌സ്), കാൻസൽ ചെയ്ത ബാലറ്റ് ലേബൽ എന്നിവയാണ് അതിലുണ്ടാകുക.

റിട്ടേണിങ് ഓഫിസർ കാരിയിങ് കെയ്‌സിലെ സീൽ പൊട്ടിച്ച് കൺട്രോൾ യൂണിറ്റ് പുറത്തിറക്കും. കൺട്രോൾ യൂണിറ്റിന്റെ നമ്പറും സ്ട്രിപ് സീലിന്റെയും ഗ്രീൻ പേപ്പർ സീലിന്റെയും നമ്പറുകൾ പരിശോധിച്ചശേഷം മെഷീൻ സ്വിച്ച് ഓൺ ചെയ്യും. ത്രിതല പഞ്ചായത്തിലെയും നഗര സഭകളിലും ഉപയോഗിച്ച മെഷിനുകൾ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും വിധത്തിലാണ് മെഷിന്റെ സജ്ജീകരണം. പോസ്റ്റ് 1 പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഓരോ ഘട്ടമായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ഫലം പുറത്തുവരും.

മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഒരു വോട്ടു മാത്രമായതിനാൽ ഒരു ഫലം മാത്രം. കൺട്രോൾ യൂണിറ്റിൽ തെളിയുന്ന ഫലം അതതു സമയത്തുതന്നെ കൗണ്ടിങ് ഏജന്റുമാരും സ്ഥാനാർത്ഥികളും കാണും. ഈ ഫലവും തപാൽ വോട്ടിന്റെ എണ്ണവും ചേർത്തു വിജയിയെ പ്രഖ്യാപിക്കുന്നത് റിട്ടേണിങ് ഓഫിസറാണ്. അവിടെവച്ചുതന്നെ വിജയിക്കു സർട്ടിഫിക്കറ്റ് നൽകും. സംശയമുണ്ടെങ്കിൽ എത്രതവണ വേണമെങ്കിലും റിസൽട്ട് പരിശോധിക്കാം.

സംസ്ഥാനത്തൊട്ടാകെ 244 വോട്ടണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഓരോ വാർഡിലെയും ലീഡ് നില അപ്പപ്പോൾ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലും ട്രെൻഡ് യൂണിറ്റുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ട്രെൻഡ് വെബ്സൈറ്റിലൂടെ പൊതുജനത്തിന് ഫലമറിയാനാകും. ഉച്ചയോടെ എല്ലാ വാർഡുകളിലേയും സമ്പൂർണ ഫലം പുറത്ത് വരും. ഡിസംബർ 21ന് വിജയികളുടെ സത്യപ്രതിജ്ഞ.