നെടുങ്കണ്ടം: കോവിഡ് രോഗ ബാധിതയായ അമ്മയെ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ശേഷം മകൻ മുങ്ങി. രോഗബാധിതയായ 65 വയസ്സുകാരിയെ ആണ് നെടുങ്കണ്ടം ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ശേഷം മകൻ കടന്നു കളഞ്ഞത്. ഞായറാഴ്ച അമ്മ കോവിഡ് പോസിറ്റീവായെന്നറിഞ്ഞതോടെ മകൻ ഇവരെ വാഹനത്തിൽ കയറ്റി നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്തെ മരത്തിന്റെ ചുവട്ടിലിരുത്തിയ ശേഷം കടന്നു കളയുകയായിരുന്നു. ആരോഗ്യ വകുപ്പും പൊലീസും അമ്മയെ ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ എത്തിച്ചു. ഉപേക്ഷിച്ചു കടന്ന മകനെ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി താക്കീത് ചെയ്തു.

പിതാവിനെ ഏറ്റെടുക്കാൻ വിസമ്മതിച്ച് മക്കൾ
കോവിഡ് ഭേദമായ 78കാരനെ ഏറ്റെടുക്കാൻ വിസമ്മതിച്ച് മക്കൾ. രണ്ടാഴ്ച മുൻപ് അസുഖം ബാധിച്ച് നെടുങ്കണ്ടം കരുണ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 78 വയസ്സുകാരനെയാണ് മക്കൾ തള്ളിപ്പറഞ്ഞത്. ഇദ്ദേഹത്തെ ഷെൽറ്റർ ഹോമിലേക്കു മാറ്റാൻ അധികൃതർ ശ്രമം തുടങ്ങി. ലോക്ഡൗൺ ആരംഭിച്ചതുമുതൽ 78 വയസ്സുകാരൻ നെടുങ്കണ്ടം പഞ്ചായത്തിന്റെ കീഴിലുള്ള പകൽവീട്ടിനായിരുന്നു തങ്ങിയിരുന്നത്.

പഞ്ചായത്ത് ഇടപെട്ടാണ്, അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 78 വയസ്സുകാരനെ പകൽവീട്ടിലേക്കു മാറ്റിയത്. നെടുങ്കണ്ടം ജനമൈത്രി പൊലീസും ആരോഗ്യവകുപ്പും ചേർന്ന് ഇദ്ദേഹത്തെ പിന്നീട് കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കു മാറ്റി. രോഗം ഭേദമായതോടെ പൊലീസും ആരോഗ്യവകുപ്പും മക്കളെ വിവരമറിയിച്ചു. എന്നാൽ മക്കൾ പിതാവിനെ ഏറ്റെടുക്കാൻ തയാറായില്ല.