ളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പുതിയ ഇനം കൊറോണാ വൈറസിനെ കണ്ടെത്തി. ഇന്നലെ ബ്രീട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കോട്ടലാൻഡ്, വെയിൽസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഇപ്പോൾ അതിവേഗം പടർന്നു പിടിക്കുന്നത് മ്യുട്ടേഷൻ സംഭവിച്ച ഈ പുതിയ ഇനം സാർസ്-കോവ്-2 വൈറസാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നിലവിൽ വ്യാപകമായുള്ള ഇനത്തേക്കാൾ പതിന്മടങ്ങ് വേഗത്തിൽ വ്യാപിക്കാൻ ഈ പുതിയ ഇനത്തിന് കഴിയുമെന്നും അവർ പറയുന്നു.

ഇക്കഴിഞ്ഞ വേനൽക്കാല അവധിയാത്രകൾക്കായി സ്പെയിനിൽ നിന്നും എത്തിയവരിലൂടെയാണ് ഇത് ബ്രിട്ടനിലെത്തിയത്. വളരെ വേഗമാണ് ഈ പുതിയ ഇനം കൊറോണ പ്രത്യൂദ്പാദനം നടത്തുന്നതും വ്യാപിക്കുന്നതും. ഈ പുതിയ വൈറസാണ് ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും രോഗവ്യാപനം അതിവേഗത്തിൽ വർദ്ധിക്കാൻ ഇടയാക്കിയതെന്നും മാറ്റ് ഹാൻകോക്ക് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ഇതിനെ കണ്ടെത്തിയതിൽ പിന്നെ ചുരുങ്ങിയത് 1,000 പേരിലെങ്കിലും ഇതിന്റെ സാന്നിദ്ധ്യം തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈ പുതിയ ഇനം വൈറസ് ബാധിച്ച രോഗികൾ എവിടെയെല്ലാമാണ് ഉള്ളതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടോ, ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ച സി ഒ ജി-യു കെയോ ഈ വൈറസ് ബാധിച്ച രോഗികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഈ വൈറസ് അടങ്ങിയ ആദ്യ സാമ്പിൾ വന്നത് മിൽട്ടൺ കീനെസിലെ, സർക്കാർ ഉടമസ്ഥതയിലുള്ള ലൈറ്റ്ഹൗസ് ലാബിൽ നിന്നാണ് വന്നതെന്ന് അറിവായിട്ടുണ്ട്. ഈ പുതിയ ഇനത്തെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾക്ക് തിരിച്ചറിയുവാൻ കഴിയില്ലെന്നും അതിനാൽ തന്നെ വാക്സിൻ പ്രയോജന രഹിതമാകാൻ ഇടയുണ്ടെന്നുമുള്ള ആശങ്കയും ഉയർന്നിട്ടുണ്ട്.

ഇതിനെ കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു എന്നാണ് ബ്രിട്ടനിലെ കോവിഡ്-19 ജിനോമിക്സ് കൺസോർഷ്യം പറയുന്നത്. മാത്രമല്ല, ഈ ഇനമോ, കൊറോണയുടെ തന്നെ മറ്റ് ഏതെങ്കിലും ഇനങ്ങളോ സാധാരണയിൽ കവിഞ്ഞ വേഗതയിൽ രോഗം പടർത്താൻ കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, ഈ ഇനം വൈറസ് തെക്ക് കിഴക്കൻ ഇംഗ്ലണ്ടിന് പുറത്തും വ്യാപകമായിട്ടുണ്ടെന്ന് കാർഡിഫ് യൂണിവേഴ്സിറ്റിയിലെ ജിനോമിസ്‌ക് പ്രൊഫസർ ടോം കോണോർ പറയുന്നു.

സ്വിറ്റ്സർലാൻഡിലെ യൂണിവേഴ്സൽ ഓഫ് ബേസൽ ആസ്ഥാനമായുള്ള നെഹെർ ലാബ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച വൈറസിന്റെ ചരിത്രത്തിൽ പറയുന്നത്, സമയം പോകുന്തോറും ഈ വൈറസ് കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നു എന്നാണ്. ഈ ഇനം വൈറസിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായ സെപ്റ്റംബറിനു ശേഷം ഇതിന്റെ വ്യാപനം വളരെ മന്ദഗതിയിലായിരുന്നു. എന്നാൽ, ഒക്ടോബറിൽ ബ്രിട്ടനിലെ രണ്ടാംവരവിനെ തുടർന്നണ് വ്യാപനത്തിന് ശക്തിയേറിയത്. അതേസമയം, ഈ ഇനം വൈറസ് ബ്രിട്ടനിലെത്തിയത് വിദേശത്തുനിന്നാണെന്നുള്ളതിന് തെളിവുകളില്ലെന്നു ഒരു കൂട്ടം വിദ്ഗദർ അഭിപ്രായപ്പെടുന്നു. ഇത് ബ്രിട്ടനകത്തു തന്നെ മ്യുട്ടേഷൻ സംഭവിച്ചുണ്ടായതാവാം എന്നാണ് അവർ പറയുന്നത്.

ആരംഭത്തിൽ ഈ പുതിയ ഇനം വൈറസ് ഉൾപ്പെട്ട പോസിറ്റീവ് കേസുകൾ വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോൾ ഇത് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇതിനു കാരണം ഈ പുതിയ ഇനത്തിന്റെ വ്യാപന തോത് വളരെ കൂടുതലാണ് എന്നതായിരിക്കാം എന്നാണ് ഇപ്പോൾ പൊതുവേയുള്ള അനുമാനം. എൻ 501 വൈ എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ പുതിയ ഇനം വൈറസ് മറ്റു പലരാജ്യങ്ങളിലേക്കും പടർന്നതായി സംശയിക്കുന്നുണ്ട്.

വൈറസുകളുടെ നിലനില്പിനായി ഉള്ള ഒരു സ്വാഭാവിക പ്രക്രിയയാണ് മ്യുട്ടേഷൻ അഥവാ പ്രകീർണ്ണാന്തരം. അതിന്റെ ജനിതകഘടനയിൽകാര്യമായ മാറ്റങ്ങൾ വരുന്ന ഒരു പ്രക്രിയയാണ്. ഇതുമൂലം ഒരുപക്ഷെ, ആദ്യ ഇനം വൈറസിനായി ഉദ്പാദിപ്പിച്ച ആന്റിബോഡികൾപ്രകീർണാന്തരം സംഭവിച്ച വൈറസുകളെ പ്രതിരോധിക്കാൻ പ്രയോജനപ്പെട്ടേക്കില്ല എന്നൊരു ആശങ്കയും നിലനിൽക്കുന്നുണ്ട്.