തൃശൂർ: കോവിഡ് പ്രതിസന്ധിയിലും ആവേശം നിറഞ്ഞ വോട്ടെടുപ്പാണ് കേരളത്തിൽ നടന്നത്. എന്നാൽ രണ്ട് നഗര ഹൃദയങ്ങൾ തിരഞ്ഞെടുപ്പിനോട് മുഖം തിരിച്ച് നിന്നു. തൃശൂർ, തിരുവനന്തപുരം നഗര ഹൃദയങ്ങളാണമ് തിരഞ്ഞെടുപ്പിനോട് മുഖം തിരിച്ചു നിന്നവർ. തൃശൂർ കോർപറേഷന്റെ നാലും തിരുവനന്തപുരത്തെ ആറും ഡിവിഷനുകളിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തി. കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനപങ്കാളിത്തമാണിത്.

തൃശൂർ നഗര മധ്യത്തിലെ മിഷൻ ക്വാർട്ടേഴ്‌സ്, ചേർന്നു കിടക്കുന്ന പള്ളിക്കുളം,നഗരസഭാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തേക്കിൻകാട്, കോട്ടപ്പുറം ഡിവിഷനുകളിലും പകുതിപ്പേർ പോലും വോട്ട് ചെയ്തില്ല. തിരുവനന്തപുരം കോർപറേഷന്റെ നന്തൻകോട് ഡിവിഷനിലാണ് സംസ്ഥാനത്ത് ഏറ്റവും കുറച്ചു പേർ വോട്ടു ചെയ്തത്. 41.12 ശതമാനം.

തൃശൂർ മിഷൻ ക്വാർട്ടേഴ്‌സിൽ 4544 ൽ 2125 പേർ മാത്രമാണ് വോട്ടു ചെയ്തത്; (46.76 ശതമാനം). തേക്കിൻകാട് 3999 ൽ 1919 ( 47.99 ) പള്ളിക്കുളത്ത് 4034 ൽ 1955 (48.46) കോട്ടപ്പുറത്ത് 4409 ൽ 2019( 47.83) പേരും മാത്രം വോട്ടു ചെയ്തു.നന്തൻകോട് കഴിഞ്ഞാൽ തിരുവനന്തപുരത്ത് ഏറ്റവും കുറച്ചുപേർ വോട്ടു ചെയ്തത് നാലാഞ്ചിറയിലും (44.27) മുട്ടടയിലുമാണ് (44.96).കുറവൻകോണം (45.53),കവടിയാർ (47.90), വഴുതയ്ക്കാട് (49.39) എന്നിവിടങ്ങളിലും പകുതിയിലേറെപ്പേർ വോട്ടിടാൻ മടി കാട്ടി. പട്ടം,ഫോർട്ട്, കണ്ണമ്മൂല, പേരൂർക്കട,ഉള്ളൂർ എന്നീ ഡിവിഷനുകളിൽ 50 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.