ഏങ്ങണ്ടിയൂർ: കൊച്ചിയിൽ തെരുവു നായകൾക്ക് ആശ്വാസം പകർന്ന് ആനിമൽ സ്‌ക്വാഡ് രംഗത്ത്. റോഡിലെ ടാറിൽ വീണ് മരണ വെപ്രാളത്തിലായ തെരുവു നായയ്ക്കും കഴുത്തിലെ വൃണവുമായി നടന്ന മറ്റൊരു തെരുവു നായയ്ക്കുമാണ് ഇന്നലെ ആനിമൽ സ്‌ക്വാഡിന്റെ പ്രവർത്തനം ആശ്വാസം പകർന്നത്. റോഡിലെ കുഴിയിൽ നിറഞ്ഞുകിടക്കുന്ന ടാറിൽ വീണ് മരണവെപ്രാളത്തിലായ തെരുവു നായയ്ക്ക് തളിക്കുളത്തെ ആനിമൽ സ്‌ക്വാഡ് പ്രവർത്തകരാണ് രക്ഷകരായത്

റോഡ് പണിക്കെത്തിയ ടാങ്കർ ലോറിയുടെ വാൽവ് തകർന്നാണ് ടാർ പുറത്തേക്കൊഴുകിയപ്പോൾ അതിനടിയിൽ തെരുവു നായയും അകപ്പെട്ടു പോവുകയായിരുന്നു. ചേറ്റുവ പാലത്തിനടുത്തുള്ള കുഴിയിൽ എണീക്കാനാവാതെ ടാറിൽ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു നായ. ഇതറിഞ്ഞ ആനിമൽ സ്‌ക്വാഡ് എത്തി ഡീസലുപയോഗിച്ചു ദേഹത്തെ ടാർ കഴുകി മാറ്റി. കുത്തിവയ്‌പ്പ് നൽകിയാണ് വിട്ടയച്ചത്.

സ്‌ക്വാഡിലെ പി.ആർ. രമേഷ്, കെ.കെ. ഷൈലേഷ്, മനോജ് പെടാട്ട്, സത്യൻ വാക്കാട്ട്, റജിൽ,സജി എന്നിവരാണ് നായയെ രക്ഷിച്ച സംഘത്തിലുണ്ടായിരുന്നവർ. സമീപത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ബാലനായ ദിനേഷ് കുമാർ സഹായിയായി അവസാനം വരെയുണ്ടായി .ആഴ്ചകൾക്ക് മുൻപാണ് ദേശീയപാതയിലും പരിസരങ്ങളിലും ടാർ ഒഴുകിയത്. ഇതുവരെ നീക്കം ചെയ്തിട്ടില്ല. സമീപത്തെ കിണറുകളിലും ടാർ കലർന്നിട്ടുണ്ട്.

കഴുത്തിലെ ഉണങ്ങാത്ത വൃണവുമായി നടന്ന മുപ്പത്തടം പൊന്നാരം കവലയിലെ 'സുന്ദരി'ക്കു നരകയാതനയിൽ നിന്നു മുക്തി നൽകിയാണ് ഇന്നലെ ആനിമൽ സ്വ്കാഡ് യാത്രയായത്. കഴുത്തിൽ കയർ കുരുങ്ങി ഉണ്ടായ മുറിവു പഴുത്തു വൃണമായ നിലയിൽ അലഞ്ഞു നടന്ന തെരുവുനായയ്ക്കു കൊച്ചിയിലെ സന്നദ്ധ സംഘടനയാണു രക്ഷകരായത്. അവർ നായയെ കൊണ്ടുപോയി കഴുത്തിലെ കയർ മുറിച്ചു നീക്കുകയും മുറിവിൽ മരുന്നു വച്ചു കെട്ടി മുപ്പത്തടത്തു തിരികെ എത്തിക്കുകയും ചെയ്തു.

രണ്ടാഴ്ച തുടർച്ചയായി പുരട്ടാനുള്ള മരുന്ന് കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനും മൃഗസ്‌നേഹിയുമായ പി.പി. പത്രോസിനെ ഏൽപിച്ചു. 5 ദിവസം കഴിയുമ്പോൾ നായയെ പരിശോധിക്കാൻ സംഘടനാ ഭാരവാഹികൾ വീണ്ടും എത്തും. 6 കുഞ്ഞുങ്ങളുമായി പൊന്നാരം കവലയിലെ കാനയിൽ കഴിയുന്ന നായയ്ക്കു നാട്ടുകാരിട്ട വിളിപ്പേരാണു സുന്ദരി എന്നത്. വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി സ്മിത രാജേഷ് ആണു തെരുവുനായയുടെ ദുരിതം സംഘടനയുടെ ശ്രദ്ധയിൽ പെടുത്തിയത്.