ന്യൂഡൽഹി: ഇന്ത്യ-പാക് യുദ്ധത്തിന്റെ വാർഷിക ദിനത്തിൽ ദേശീയ യുദ്ധ സ്മാരകത്തിൽ 'സുവർണ വിജയ വിളക്ക്' തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ വിജയത്തിന്റെ സ്മരണയിൽ ഡിസംബർ 16 ഇന്ത്യ 'വിജയ് ദിവസ്' ആയാണ് ആഘോഷിക്കുന്നത്.

സ്മാരകത്തിലെ കെടാവിളക്കിൽനിന്ന് തെളിയിച്ച നാലു ദീപശിഖകളുടെ പ്രയാണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പോരാട്ടവീര്യത്തിലൂടെ പരമവീര ചക്രവും മഹാവീര ചക്രവും നേടിയ സൈനികരുടെ ഗ്രാമങ്ങളിലൂടെ അടക്കമായിരിക്കും ദീപശിഖായാത്ര. സുവർണ വിജയ വർഷാഘോഷത്തിന്റെ ലോഗോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രകാശനം ചെയ്തു.

പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഒപ്പം സംയുക്തസേനാ ജനറൽ ബിപിൻ റാവത്തും മൂന്നു സൈനിക മേധാവികളും സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ വീര്യത്തെയും ത്യാഗത്തെയും വാഴ്‌ത്തി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.