നിങ്ങൾ പ്രായമായ മാതാപിതാക്കളുമായി വിമാന യാത്ര പോകാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നാൽ ഇതാണ് അതിന് ഏറ്റവും യോജിച്ച സമയം. മുതിർന്ന പൗരന്മാർക്ക് യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ. മുതിർന്ന പൗരന്മാരുടെ യാത്രയ്ക്ക് അടിസ്ഥാന നിരക്കിന്റെ പകുതി തുക മാത്രം പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ. അതായത് ഒരാൾക്ക് യാത്ര ചെയ്യാനുള്ള കാശ് ഉണ്ടെങ്കിൽ രണ്ട് മുതിർന്ന പൗരന്മാർക്ക് യാത്ര ചെയ്യാം.

സഞ്ചാരികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് എയർ ഇന്ത്യയുടെ ഈ തകർപ്പൻ ഓഫർ. 60 വയസ്സിനു മുകളിലുള്ള പൗരന്മാർക്ക് രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിനാണ് ഈ സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നത്. ഡൊമസ്റ്റിക് വിമാനങ്ങളിൽ ഇക്കോണമി ക്യാബിനിലെ തിരഞ്ഞെടുത്ത ബുക്കിങ് ക്ലാസുകളിൽ അടിസ്ഥാന നിരക്കിന്റെ 50% ഇളവ് ലഭിക്കും. ബുക്ക് ചെയ്ത ശേഷം ഒരു വർഷം വരെ ഈ ഇളവ് ലഭിക്കും. യാത്രാ തീയതിയും വിമാനവും മാറ്റുകയോ ക്യാൻസൽ ചെയ്യുകയോ ചെയ്യാം, എന്നാൽ ഇതിനുള്ള ഫീസ് ബാധകമാണ്.

ടിക്കറ്റ് വാങ്ങേണ്ടതെപ്പോൾ : യാത്ര ആരംഭിക്കുന്നതിനു മൂന്നു ദിവസം മുന്നേയാണ് ഇളവുള്ള ടിക്കറ്റുകൾ ലഭിക്കുക.എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ഇളവ് ലഭ്യമാകണമെങ്കിൽ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇളവ് ലഭിക്കണമെങ്കിൽ അപേക്ഷിക്കുന്ന ആൾ മുതിർന്ന ഇന്ത്യൻ പൗരനായിരിക്കണം. മാത്രമല്ല, സ്ഥിരമായി ഇന്ത്യയിൽ താമസിക്കുന്ന ആൾ കൂടി ആയിരിക്കണം. യാത്ര ആരംഭിക്കുന്ന തീയതിയിൽ 60 വയസ്സ് തികഞ്ഞിരിക്കുകയും വേണം. യാത്രാ വേളയിൽ ജനന തീയതി ഉള്ള ഏതെങ്കിലും സാധുവായ ഫോട്ടോ ഐഡി ഉദാ. വോട്ടേഴ്‌സ് ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എയർ ഇന്ത്യ നൽകുന്ന സീനിയർ സിറ്റിസൺസ് ഐഡി കാർഡ് എന്നിവയിൽ ഒന്ന് കയ്യിൽ കരുതണം.

യാത്രിൽ കൂടെ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടെ ഉള്ളതെങ്കിൽ ഡിസ്‌കൗണ്ട് ലഭിക്കില്ല. രണ്ടു വയസ്സിനു താഴെയുള്ള ഒരു കുഞ്ഞ് കൂടെ ഉണ്ടെങ്കിൽ 1250+ ടാക്‌സ്. കൂടെ യാത്ര ചെയ്യുന്ന, രണ്ടു വയസ്സിനു താഴെയുള്ള രണ്ടാമത്തെ കുഞ്ഞിന് ഇളവ് ഇല്ല. ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിങ് ഗേറ്റിലോ പ്രസക്തമായ ഐഡി / രേഖകൾ ഹാജരാക്കിയിട്ടില്ലെങ്കിൽ ഇളവ് ലഭിക്കില്ല. നികുതികൾ ഒഴികെയുള്ള തുകയ്ക്ക് റീഫണ്ട് ലഭിക്കുന്നതല്ല. ചെക്ക് ഇൻ ചെയ്യുന്ന സമയത്തും ബോർഡിങ് ഗേറ്റിലും ഐഡന്റിറ്റി പ്രൂഫ് നൽകിയില്ലെങ്കിൽ ബോർഡിങ് ചെയ്യാൻ പറ്റില്ല.

എയർ ഇന്ത്യയുടെ ഫ്‌ളൈറ്റുകളിലും അലയൻസ് എയർ കോഡ്‌ഷെയർ ഫ്‌ളൈറ്റുകളിലും ഈ ഇളവുകൾ ബാധകമാണ്. എനാൽ റീജിയണൽ കണക്റ്റിവിറ്റി അലയൻസ് എയർ കോഡ്‌ഷെയർ ഫ്‌ളൈറ്റുകളിലും എയർഇന്ത്യ എക്സ്‌പ്രസ് കോഡ്‌ഷെയർ ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളിലും ഇളവുകൾ ബാധകമല്ല.