- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനും പരിസര പ്രദേശങ്ങളും മാത്രമല്ല മാഞ്ചെസ്റ്ററും വടക്കൻ ഇംഗ്ലണ്ടും ബെൽഫാസ്റ്റും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്; ടയർ-3 നിയന്ത്രണങ്ങൾ നീട്ടിയതോടെ സ്വാതന്ത്ര്യം നഷ്ടപെട്ട് ജനത; ഒപ്പം നോ ഡീൽ ബ്രെക്സിറ്റ് എന്ന് വ്യക്തമാക്കി ബോറിസും; ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ വിന്ററിലൂടെ ബ്രിട്ടൻ മുൻപോട്ട്
മൂന്നാം ദേശീയ ലോക്ക്ഡൗണിന്റെ ഭീഷണി തലയ്ക്ക് മുകളിൽ ഡെമോക്ലീസിന്റെ വാൾ പോലെ തൂങ്ങുമ്പോൾ ബ്രിട്ടൻ അഭിമുഖീകരിക്കുന്ന ഒരുപക്ഷെ ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ ശൈത്യകാലമായിരിക്കാം ഇത്. ടയർ 3 നിയന്ത്രണങ്ങൾ ഇന്നലെ മുതൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതോടെ ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ടുഭാഗം ജനങ്ങളും കൂട്ടിലടക്കപ്പെട്ട സ്ഥിതിയിലാണ്. ലണ്ടനോടൊപ്പം ഒരു കൂട്ടം കൗണ്ടീസും ടയർ-3 യിലേക്ക് കടക്കുമ്പോൾ, രോഗവ്യാപന തോത് കുറയുന്നുണ്ടെങ്കിലും, മഞ്ചസ്റ്ററിനേയും വടക്ക് കിഴക്കൻ ഇംഗ്ലണ്ടിനേയും താഴ്ന്ന ടയറിലേക്ക് കൊണ്ടുവരാനുള്ള സമയമായിട്ടില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, രാജ്യവ്യാപകമായി കോവിഡിന്റെ വ്യാപനം ശക്തി പ്രാപിക്കുന്നതിനാൽ, കൂടുതൽ കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തന്നെ ആവശ്യമായിവരും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. ഡിസംബർ 28 മുതൽ വെയിൽസ് മറ്റൊരു ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. നോർത്തേൺ അയർലൻഡാകട്ടെ ബോക്സിങ് ദിനം മുതൽ ആറാഴ്‌ച്ചക്കാലത്തേക്ക് അടച്ചിടുന്ന കാര്യം തത്വത്തിൽ അംഗീകരിച്ചിരിക്കുന്നു. ക്രിസ്ത്മസ്സിനു ശേഷം കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ, ഒരുപക്ഷെ ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ വരെ പ്രതീക്ഷിക്കാമെന്ന് സ്‌കോട്ടിഷ് അധികൃതരും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
കർശന നിയന്ത്രണങ്ങൾ ബ്രിട്ടീഷ് വ്യവസായ-വാണിജ്യമേഖലയെ, പ്രത്യേകിച്ചും ഹോസ്പിറ്റാലിറ്റി മേഖലയെ നിരാശയിലാഴ്‌ത്തിയപ്പോൾ, പ്രത്യേക വ്യാപാരകരാറുകൾ ഇല്ലാത്ത വിടവാങ്ങലായിരിക്കും യൂറോപ്യൻ യൂണിയനുമായുണ്ടാവുക എന്ന ബോറിസ് ജോൺസന്റെ പ്രഖ്യാപനം ഈ ശൈത്യകാലത്തെ മറ്റൊരു ദുഃഖവാർത്തയായാണ് വ്യവസായിക ലോക സ്വീകരിച്ചത്. മത്സ്യബന്ധനത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട നീതീകരിക്കാനാകാത്ത ആവശ്യങ്ങൾ ഉപേക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായില്ലെങ്കിൽ പിന്നെ ബ്രിട്ടന്നൊ ഡീൽ ബ്രെക്സിറ്റ് മാത്രമേ വഴിയുള്ളു എന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്.
അതേസമയം വ്യാപാരകരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഏറെ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡേർ ലെയെൻ പറഞ്ഞത്. എന്നാൽ, ഇപ്പോഴും നിലനിൽക്കുന്ന വ്യത്യാസങ്ങൾ വളരെ വലുതാണെന്നും അവർ ചൂണ്ടിക്കാട്ടി. ചർച്ചകളിൽ ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ യൂറോപ്യൻ യൂണിയനുമായി സൗഹൃദം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വേർപിരിയൽ ആയിരിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. പിന്നീടു അവരുമായുള്ള വ്യാപാരബന്ധം ഇപ്പോൾ ആസ്ട്രേലിയയുമായുള്ള വ്യാപാരബന്ധത്തിനോട് സമാനമായതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ, പ്രതിമാസം 5 ബില്ല്യണ പൗണ്ട് ചെലവ് വരുന്ന ഫർലോ പദ്ധതി 2021 മെയ് മാസം വരെ നീട്ടിയ നടപടി ഒരു മൂന്നാം ലോക്ക്ഡൗണിനെ കുറിച്ചുള്ള ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ വന്നില്ലെങ്കിൽ പോലും കടുത്ത നിയന്ത്രണങ്ങൾ ഈസ്റ്റർ കഴിഞ്ഞും തുടരും എന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്. രോഗവ്യാപനം കടുത്തതോടെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾക്കായി നൽകിയിരിക്കുന്ന അഞ്ച് ദിവസത്തെ നിയന്ത്രണ ഇളവുകൾ എടുത്തുകളയണമെന്ന ആവശ്യം ഉയരുന്നുണ്ട്. ജനങ്ങളോട് ആഘോഷങ്ങളുടെ ഭാഗമായി ദീർഘദൂര യാത്രകൾ ഒഴിവാക്കുവാൻ ആവശ്യപ്പെട്ട് പ്രീതി പട്ടേൽ രംഗത്തുവന്നു.
എന്നാൽ, നിലവിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരു മൂന്നാം ദേശീയ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ സമയത്ത് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അവർ പറഞ്ഞു. അടുത്തവർഷം ഫെബ്രുവരി വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരേണ്ടതായി വരും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.