ലോക സുന്ദരിപട്ടം പോലുള്ള മത്സരങ്ങളെ കുറിച്ചും മത്സരാർത്ഥികളെ കുറിച്ചും ധാരാളം തെറ്റിദ്ധാരണകൾ പൊതുജനങ്ങൾക്കിടയിലുണ്ട്. തികച്ചും വാണിജ്യ മനസ്ഥിതിയോടെ നടത്തുന്ന ഇത്തരം മത്സരങ്ങൾ സമൂഹത്തിലെ വരേണ്യവിഭാഗത്തിന്റെ ഉത്സവാഘോഷങ്ങളാണെന്നാണ് പുരോഗമനവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ എക്കാലവും പറയാറുള്ളത്. സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യവും സഹജീവിസ്നേഹവുമൊക്കെ വാക്കുകളിൽ ഒതുക്കി നീലവെളിച്ചത്തിൽ വിലസുന്ന സുന്ദരിമാരോടുള്ള പുച്ഛം അവർ മറച്ചുവയ്ക്കാറുമില്ല. എന്നാൽ ഈ ധാരണ തികച്ചും തെറ്റാണെന്ന് തെളിയിക്കുകയാണ് മുൻ ലോകസുന്ദരിയായ കരീന ടൈറെൽ.

ഒരു ഡോക്ടർ കൂടിയായ ഈ മുൻ ലോകസുന്ദരി, തന്റെ ശരീരത്തിനു മാത്രമല്ല, മനസ്സിനും സൗന്ദര്യമുണ്ടെന്ന് തെളിയിച്ചത് തന്റെ കോവിഡ്കാല പ്രവർത്തനങ്ങളിലൂടെയാണ്. ഈ ജീവന്മരണ പോരാട്ടത്തിന് ധാർമ്മിക പിന്തുണയേകാൻ മാത്രമല്ല, മറിച്ച് ഒരു ഡോക്ടർ എന്ന രീതിയിൽ ഈ യുദ്ധത്തെ മുൻനിരയിൽ നിന്ന് നയിക്കുവാനും ഈ സുന്ദരി തയ്യാറായി. ഇപ്പോഴിതാ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ ഗവേഷണത്തിലും അതിന്റെ ക്ലിനിക്കൽ ട്രയലുകളിലും സുപ്രധാന പങ്കുവഹിച്ചുകൊണ്ട് ലോകത്തോടുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചിരിക്കുന്നു.

2014 ൽ ആയിരുന്നു ഡോ. കരീന ടൈറെൽ മിസ് ഇംഗ്ലണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന ലോകസുന്ദരി മത്സരത്തിൽ നാലാം സ്ഥാനത്തെത്തിയത് ഈ സുന്ദരിയായിരുന്നു. ഇന്നും ലോകസുന്ദരി മത്സരങ്ങളെ സ്നേഹിക്കുന്ന കരീന ഇപ്പോഴും മിസ്സ് ഇംഗ്ലണ്ട മത്സരങ്ങളിൽ ജഡ്ജിയായി പങ്കെടുക്കാറുണ്ട്. എന്നാൽ, ഇതുപോലെ ലോകത്തെ മുഴുവൻ രക്ഷിക്കാനുള്ള ഒരു ഉദ്യമത്തിന്റെ ഭാഗഭാക്കാകാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് ഈ 31 കാരി പറയുന്നത്.

ബ്രിട്ടീഷുകാരായ മാതാപിതാക്കൾക്ക് സ്വിറ്റ്സർലാൻഡിൽ ജനിച്ച് ടൈറെൽ മേംബ്രിഡ്ജിൽ നിന്നാണ് ബിരുദപഠനം പൂർത്തിയാക്കിയത്. ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു ഇവരുടെ പിതാവ്. അദ്ദേഹവും ഒരു ഡോക്ടറാണ്. മാതാവ് ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ചിരുന്നു. കോളേജിൽ അഞ്ചാം വർഷം പഠിക്കുമ്പോൾ ഒരു ഫാഷൻ ഷോയിൽ വിജയിച്ചു. ഇതാണ് ഇവരെ ഈ രംഗത്തേക്ക് ആകർഷിച്ചതും തുടർന്ന് മിസ്സ് ഇംഗ്ലണ്ട് പട്ടം നേടിക്കൊടുത്തതും.

തന്റെ കുട്ടിക്കാലത്ത് ഏറെ ഭീതിയുയർത്തിയിരുന്ന മലേറിയയെ പിടിച്ചുകെട്ടണമെന്ന സ്വപ്നവുമായി വളർന്ന് ഈ സുന്ദരി നേരത്തേ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകാരോഗ്യ സംഘടന ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണങ്ങളുടെയും ഭാഗമായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും പല വിഷയങ്ങളിലും ഗവേഷണം നടത്തിയിരുന്നവർ, കോവിഡിന്റെ ആവിർഭാവത്തോടെ ഇതിലേക്ക് ശ്രദ്ധതിരിച്ചു. കാലം ആവശ്യപ്പെടുന്നത് അതായിരുന്നു എന്നാണ് ഈ സുന്ദരി പറയുന്നത്. താൻ ഉൾപ്പടെയുള്ള നിരവധി പേരുടെ കഠിനാദ്ധ്വാനത്തിന് ഫലം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് വാക്സിനെ കുറിച്ച് ഇവർ പറഞ്ഞത്.