- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതദേഹങ്ങൾ ഷിപ്പിങ് കണ്ടെയ്നറിൽ ഫ്രീസ് ചെയ്ത് മോർച്ചറിയിൽ തിരക്കൊഴിവാക്കി ജർമ്മനി; യൂറോപ്പിൽ മാത്രം കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു; സമ്പൂർണ്ണ വിജയം നേടി മാസ്കും അകലവുമില്ലാതെ ക്രിസ്ത്മസ് ആഘോഷിച്ച് ആസ്ട്രേലിയ
ജർമ്മനിയിൽ കോവിഡിന്റെ രണ്ടാംവരവിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രികളിലെ മോർച്ചറികൾ നിറഞ്ഞതോടെ മൊബൈൽ ഫ്രീസറുകളിലാണ് ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്നും 10 മൈൽ അകലെയുള്ള ഹനാവുവിലെ ഒരു സെമിത്തേരിയിൽ, അടക്കവും കാത്ത് മൃതദേഹങ്ങൾ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്‌ച്ച ഇവിടെ 956 മരണങ്ങൾ രേഖപ്പെടുത്തിയതോടെയണ് കോവിഡ് ദുരന്തത്തിന്റെ ഭീകരമുഖം ദർശിക്കാനായത്.ഇന്നലെ ജർമ്മനിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 698 ആണ്.
ഇതോടെ യൂറോപ്പിലാകമാനം കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. മേഖലാടിസ്ഥാനത്തിൽ ഇതാദ്യമായാണ് ലോകത്തിലെ ഒരു പ്രത്യേക മേഖലയിൽ 5 ലക്ഷം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും കൂടി ഇതുവരെ 4,77,404 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലായി 3,21,287 മരണങ്ങളും ഏഷ്യയിൽ 2,08,149 മരണങ്ങളും മദ്ധ്യപൂർവ്വ ദേശങ്ങളിൽ 85,895 മരണങ്ങളും ആഫ്രിക്കയിൽ 57,423 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേസമയം ഹനാവുവിലെ മൊബൈൽ മോർച്ചറികൾ ഒരു മുൻകരുതൽ എന്ന നിലയിൽ നേരത്തെ അവിടെ എത്തിച്ചതായിരുന്നു എന്ന് ഹെഡ് ഓഫ് സെമിട്രീസ് അലക്സാൻഡ്ര കിൻസ്‌കി പറഞ്ഞു. നിർഭാഗ്യവശാൽ അത് ഉപയോഗിക്കേണ്ടുന്ന സാഹചര്യവും ഉണ്ടായി. മരണ നിരക്ക് വർദ്ധിക്കുന്നതിനാൽ ആശുപത്രികളിലെ മോർച്ചറികളിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തത് ഇപ്പോൾ ജർമ്മനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന മരണം 536 ആണ്. കൊറോണയുടെ ഒന്നാം വരവിൽ ഇത് 233 മാത്രമായിരുന്നു. അതായത് രണ്ടാംവരവിൽ കൊറോണയുടെ പ്രഹരശേഷി ഇരട്ടിച്ചിരിക്കുന്നു. ഇന്നലെ 26,923 പുതിയ കേസുകളാണ് ജർമ്മനിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒന്നാം വരവിൽ കോവിഡിനെ കാര്യക്ഷമമായി നിയന്ത്രിച്ച് കൈയടി നേടിയ രാജ്യമാണ് ജർമ്മനി എന്നതും ശ്രദ്ധേയമാണ്.
യൂറോപ്പിലാകെ ക്രിസ്ത്മസ്സ് കാലത്ത് ജനങ്ങൾ കൂട്ടിലടയ്ക്കപ്പെട്ടപ്പോൾ ആസ്ട്രേലിയൻ ജനത കോവിഡിൽ നിന്നും മുക്തരായി പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ ക്രിസ്ത്മസ്സ് ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. മാസ്‌കുകളില്ലാതെ, സാമൂഹിക അകലം പാലിക്കാതെ തെരുവുകളിൽ ആഘോഷങ്ങൾ സൃഷ്ടിക്കുകയാണിവർ. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള വർക്ക് പാർട്ടികൾ ആരംഭിച്ചതോടെ തെരുവുകളിൽ പരസ്പരം വാരിപുണർന്നും ചുംബനങ്ങൾ അർപ്പിച്ചും നിരവധിപേരാണ് തിങ്ങിക്കൂടുന്നത്. മദ്യപിച്ച് ലക്കുകെട്ട് തെരുവിൽ വീണുകിടന്നുറങ്ങുന്നവരും കുറവല്ല.
എന്നാൽ, ഇത് എത്രനാൾ കൂടി നീണ്ടുനിൽക്കും എന്ന് പറയാനാവില്ല. സിഡ്നിയിൽ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ വടക്കൻ തീരദേശമേഖലയിൽ ഏകദേശം 2,70,000 പേർ അടുത്ത മൂന്നു ദിവസത്തേക്ക് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലായിരിക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണിത്.
മറുനാടന് മലയാളി ബ്യൂറോ