തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്താനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെ സ്‌കൂളുകൾ ഒരുങ്ങി തുടങ്ങി. ഇന്നലെ മുതൽ അദ്ധ്യാപകർ സ്‌കൂളുകളിൽ എത്തി തുടങ്ങിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ സ്‌കൂളുകളിലെത്താനാണ് അദ്ധ്യാപകർക്കുള്ള നിർദ്ദേശം. പ്രാക്ടിക്കൽ, റിവിഷൻ, സംശയ ദൂരീകരണം എന്നിവയ്ക്കായാണ് അദ്ധ്യാപകർ സ്‌കൂളിൽ വന്നു തുടങ്ങിയത്.

അതേസമയം, ക്ലാസുകളും റിവിഷനും പൂർത്തിയാക്കി പരീക്ഷയ്‌ക്കൊരുങ്ങാൻ സമയം ലഭിക്കുമോ എന്ന ആശങ്ക വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. പ്ലസ്ടു ക്ലാസുകളിൽ പഠനം ഇതുവരെ എങ്ങും എത്തിയിട്ടില്ല. ഇപ്പോഴത്തെ നിലയിൽ പ്ലസ്ടു ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാകാൻ ഫെബ്രുവരി പകുതിയെങ്കിലുമാകും. അപ്പോൾ പിന്നെ മാർച്ചിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് എങ്ങിനെ എന്നാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. ഫെബ്രുവരി പകുതിയോടെ ക്ലാസുകൾ അവസാനിപ്പിച്ച് മാർച്ചിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടി വന്നാൽ റിവിഷന് കുട്ടികൾക്ക് അൽപം പോലും സമയം ലഭിക്കില്ല എന്നതാണ് വിദ്യാർത്ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

പ്ലസ്ടുവിലെ മിക്ക വിഷയങ്ങളും പകുതി പോലുമെത്തിയിട്ടില്ല. ഹോം സയൻസ്, സൈക്കോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പോലുള്ള വിഷയങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. പ്രാക്ടിക്കൽ ക്ലാസുകളും റിവിഷനും പൂർത്തിയാക്കി മാർച്ചിൽ പരീക്ഷയെഴുതുന്നത് കുട്ടികൾക്ക് അധികഭാരമാകുമെന്ന പരാതികളും ഉയരുന്നുണ്ട്. കുട്ടികളിലെ ഇത്തരത്തിലുള്ള അമിത ആശങ്കയും ടെൻഷനും പഠനത്തെ ബാധിച്ചേക്കാം.

പത്താം ക്ലാസുകാർക്ക് ജനുവരി പകുതിയോടെ ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കാനാണു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ അവർക്ക് തയ്യാറെടുപ്പിന് ആവശ്യത്തിനു സമയം ലഭിക്കും.ഏപ്രിൽ മെയ്‌ മാസങ്ങളിലേക്കു പരീക്ഷ മാറ്റാൻ നിർദേശങ്ങളുണ്ടായിരുന്നെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമായതിനാൽ മാർച്ചിൽ തന്നെ പരീക്ഷ പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഉന്നതതല യോഗത്തിൽ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യങ്ങൾ പ്രതികൂലമാകുകയാണെങ്കിൽ തീരുമാനം പുനഃപരിശോധിക്കും. സിലബസ് വെട്ടിക്കുറയ്‌ക്കേണ്ടതില്ലെന്നു നേരത്തേ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു. പരീക്ഷയ്ക്ക് പാഠഭാഗങ്ങൾ കുറയ്ക്കണമെന്ന നിർദേശവും വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലുണ്ട്.

റസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മറ്റും തുറക്കുന്നതു സംബന്ധിച്ച് തീരുമാനങ്ങളൊന്നും ആയിട്ടില്ല. മന്ത്രിമാരായ കെ.കെ.ശൈലജ, സി.രവീന്ദ്രനാഥ്, കെ.ടി.ജലീൽ, വി എസ്.സുനിൽകുമാർ, ജെ.മേഴ്‌സിക്കുട്ടിയമ്മ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ എന്നിവർ പങ്കെടുത്തു.