ചെറുതോണി: മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ കിടന്ന ടാർ വീപ്പകളിലൊന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിയാപുരം തുണ്ടത്തിപ്പാറയിൽ ഡയസ് ജോസ് ആണു മരിച്ചത്. 39 വയസ്സ് ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡയസിന്റെ തലയിലിരുന്ന ഹെൽമെറ്റ് തെറിച്ചു പോയതാണ് മരണത്തിന് കാരണമായ അപകടം ഉണ്ടാക്കിയത്.

16 നു വൈകിട്ട് ആറരയോടെ മരിയാപുരത്തിനു സമീപമാണ് അപകടം സംഭവിച്ചത്. വീതി കുറഞ്ഞ സ്ഥലത്ത് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ഡയസിന്റെ ബൈക്ക് ടാർ വീപ്പയിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തെറിച്ചു പോവുകയും ഡയസ് റോഡിൽ തലയിടിച്ചു വീഴുകയുമായിരുന്നു.

15 ദിവസം മുൻപാണ് ഡയസിന് ആദ്യത്തെ കുഞ്ഞുപിറന്നത്. കുഞ്ഞിനെ കൺ നിറയെ കാണും മുന്നേ തന്നെ ഡയസിനെ തേടി മരണം എത്തുക ആയിരുന്നു. ഇടവക പള്ളിയിലെ ശുശ്രൂഷിയും, ഫോട്ടോഗ്രഫറുമായിരുന്നു.സംസ്‌കാരം ഇന്നു രാവിലെ 11.30 ന് മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ ഇടുക്കി രൂപതാ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഭാര്യ അഞ്ജലി ആയവന തൊഴുത്തുങ്കൽ കുടുംബാംഗം.