ന്യൂഡൽഹി: കോവിഡ് രോഗ മുക്തി നേടിയവരിൽ കാഴ്ച നശിക്കുന്നതിനും മരണത്തിനും വരെയും കാരണമായേക്കാവുന്ന അപൂർവവും അപകടകരവുമായ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടർമാർ. ഡൽഹിയിലാണ് ഈ അപകടകരമായ ഫംഗസിനെ കണ്ടെത്തിയിരിക്കുന്നത്. കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോർമൈകോസിസ് എന്ന രോഗം ബാധിച്ച നിരവധി രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ടെന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഇഎൻടി സർജന്മാർ പറയുന്നു.

കോവിഡ് മുക്തി നേടിയവരിലാണ് ഈ ഫംഗസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ ഇത്തരത്തിലുള്ള ഫംഗസ് ബാധയുമായി 13 രോഗികളാണ് ആശുപത്രിയിലെത്തിയത്. ഇവരിൽ അഞ്ച് രോഗികൾക്ക് മരണം സംഭവിച്ചു. അഞ്ച് പേരുടെ നില ഗുരുതരമായി. 50 ശതമാനം പേർക്ക് കാഴ്ചയും നഷ്ടമായി. കാഴ്ച നഷ്ടത്തിനു പുറമേ മൂക്കും താടിയെല്ലും നഷ്ടമാകുന്ന അവസ്ഥയുമുണ്ടെന്നും ഡോക്ടർമാർ വെളിപ്പെടുത്തുന്നു.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവരെയാണ് ഈ ഫംഗസ് പ്രധാനമായും ബാധിക്കുന്നത്. അവയവ മാറ്റിവയ്ക്കൽ നടക്കുമ്പോഴും തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്കിടയിലും പ്രതിരോധ ശേഷി കുറഞ്ഞ രോഗികളിൽ ഈ കൊലയാളി ഫംഗൽ ബാധ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ കോവിഡിനോട് അനുബന്ധിച്ച് ഈ ഫംഗസ് ബാധയുണ്ടാകുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു.

നമുക്ക് ചുറ്റുമുള്ള മ്യൂക്കോർമിസെറ്റസ് എന്ന ഒരു തരം പൂപ്പൽ മൂലമുണ്ടാകുന്ന അപൂർവ രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന് കൂടി അറിയപ്പെടുന്ന മ്യുകോർമൈകോസിസ്. മൂക്കിലെ തടസ്സം, കണ്ണിലെയും കവിളിലെയും നീർവീക്കം, മൂക്കിൽ കറുത്ത വരണ്ട പുറംതോട് തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന കോവിഡ് രോഗികൾക്കും രോഗമുക്തർക്കും ഉടനെ ബയോപ്സി നടത്തി ആന്റി ഫംഗൽ തെറാപ്പി ആരംഭിക്കണമെന്ന് ഗംഗാറാം ആശുപത്രിയിലെ ഇഎൻടി സർജൻ വരുൺ റായ് പറയുന്നു. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്താൻ സാധിച്ചാൽ രോഗിയെ രക്ഷിച്ചെടുക്കാനാകുമെന്ന് ഡോക്ടർമാർ കൂട്ടിച്ചേർത്തു