കാശവും ഭൂമിയും സൃഷ്ടിച്ച ഈശ്വരൻ ഭൂമിയിൽ ജീവിന്റെ മുകുളങ്ങൾമുളപ്പിച്ചു എന്നാണല്ലോ പറയുന്നത്, ഭൂമിക്ക് അപ്പുറം മറ്റെവിടെയെങ്കിലും ജീവന്റെ വിത്ത് മുളച്ചുപൊന്തുന്നുണ്ടോ എന്ന അന്വേഷം എന്നും ശാസ്ത്രലോകത്തിന് പ്രിയപ്പെട്ടതായിരുന്നു. ആ അന്വേഷണത്തിനിടയിലാണ് പറക്കും തളികകളും അന്യഗ്രഹ ജീവികളുമൊക്കെ അതിശയോക്തികലർന്ന കഥകളായി പ്രചാരത്തിലായത്. പ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ജീവന്റെ തുടിപ്പുകൾ കണ്ടെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുമ്പോൾ ഇടയ്ക്കൊക്കെ ചില അപ്രതീക്ഷിത മുന്നേറ്റങ്ങൾ ഉണ്ടാകാറുണ്ട്.

ഒരുപക്ഷെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചില കണ്ടുപിടുത്തങ്ങൾ പലപ്പോഴായി ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് ആസ്ട്രേലിയയിലെ പാർക്ക്സ് റേഡിയോ ടെലസ്‌കോപ്പ് കണ്ടെത്തിയ ഒരു അജ്ഞാത റേഡിയോ സിഗ്‌നൽ. ഇക്കഴിഞ്ഞ ഏപ്രിൽ-മെയ്‌ മാസങ്ങളിലായി കണ്ടെത്തിയ ഈ സിഗ്‌നല്ഭൂമിയിൽ നിന്നും ഉദ്ഭവിച്ചതോ അല്ലെങ്കിൽ ഏതെങ്കിലും മാനവസ്രോതസ്സുകൾ സൃഷ്ടിച്ചതോ അല്ലെന്നാണ് വ്യക്തമായിട്ടുള്ളത്.

1977 ഓഗസ്റ്റ് 15 ന് ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിഗ് ഇയർ എന്ന റേഡിയോ ടെലെസ്‌കോപ്പും ഇത്തരത്തിലുള്ള ഒരു റേഡിയോ സിഗ്‌നലിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയുണ്ടായി. വൗ സിഗ്‌നൽ എന്നപേരിൽ പ്രശസ്തമായ ഇത് ഒരു നാരോബാൻഡ് സിഗ്‌നൽ ആയിരുന്നു എന്നാണ് വ്യക്തമായിട്ടുള്ളത്. ഇതിന്റെ ഉദ്ഭവം ഭൂമിയിൽ നിന്നല്ല എന്ന് തെളിഞ്ഞെങ്കിലും എവിടെനിന്നായിരുന്നു എന്ന് കണ്ടെത്താനായില്ല. എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ സിഗ്‌നൽ സൂര്യനോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രോക്സിമ സെന്റോറി എന്ന നക്ഷത്രത്തിന്റെ ക്ഷീരപഥത്തിൽ നിന്നാണ് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

ഭൂമിയിൽ നിന്നും 4.22 പ്രകാശവർഷം (33.9 ലക്ഷം കോടി കിലോമീറ്റർ) അകലെ സ്ഥിതിചെയ്യുന്ന പ്രോക്സിമ സെന്റോറി സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന നക്ഷത്രമാണ്. മൂന്നു നക്ഷത്രങ്ങൾ അടങ്ങിയ ഒരു നക്ഷത്ര സമൂഹത്തിലെ അംഗമായ ഇതിന് സൂര്യനേക്കാൾ തിളക്കം കുറവാണ്. മരിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രമായി കണക്കാക്കുന്ന ഇതിനെ ഭൂമിയിൽ നിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണുവാനും കഴിയില്ല. ഈ നക്ഷത്രത്തിന് രണ്ടു ഗ്രഹങ്ങൾ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിലൊന്ന് വ്യാഴത്തിനെ പോലെ വാതകങ്ങൾ നിറഞ്ഞതും മറ്റൊന്നായ പ്രോക്സിമ ബി , പാറക്കെട്ടുകളുടെ ലോകവുമാണ്.

1977-ലെ വൗ സിഗ്‌നലിനു ശേഷം ലഭിക്കുന്ന ഏറ്റവും അതിശയകരമായ റേഡിയോ സിഗ്‌നലാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. ഒരുപക്ഷെ, പ്രകൃതിയുടെ ഏതെങ്കിലും സ്വാഭാവിക പ്രതിഭാസത്തിന്റെ പ്രഭാവമാകാം ഇതിനു പിന്നിലെങ്കിലും, അന്യഗ്രഹ ജീവികൾ എന്ന സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല.പ്രോക്സിമ ബി ഭൂമിയോട് സമാനമായ പാറക്കെട്ടുകൾ ഉള്ള ഒരു ഗ്രഹമാണ്. മാത്രമല്ല, പ്രോക്സിമ സെന്റോറി എന്ന നക്ഷത്രത്തിൽ നിന്നുള്ള ദൂരം പരിഗണിക്കുമ്പോൾ ഒരു ആവാസകേന്ദ്രമാകാനുള്ള ദൂര പരിധിക്കകത്തുമാണ്. അതായത്, ഈ പാറക്കെട്ടുകൾ നിറഞ്ഞ ഉപരിതലത്തിലൂടെ ജലം ഒഴുകുവാനുള്ള സാധ്യതയും ഉണ്ടെന്നർത്ഥം.

തിളക്കം കുറഞ്ഞ ഒരു കുള്ളൻ നക്ഷത്രമായ പ്രോക്സിമ സെന്റോറിയോട് വളരെയടുത്താണ് ഈ ആവേസംകേന്ദ്രം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കടുത്ത വികിരണങ്ങൾക്ക് വിധേയമാണിത്. അതുകൊണ്ടുതന്നെ ഇവിടെ ജീവന്റെ സാന്നിദ്ധ്യം, ചുരുങ്ങിയത് ഗ്രഹത്തിന്റെ ഉപരിതലത്തിലെങ്കിലും, ഉണ്ടാകാൻ ഇടയില്ലെന്ന വാദവും ഉയരുന്നുണ്ട്. പാർക്ക്സ് ടെലെസ്‌കോപ്പ് കണ്ടെത്തിയ സിഗ്‌നലിന് 980 മെഗാ ഹേർട്സ് പരിധിയിലുള്ള ഫ്രീക്വൻസി ആയിരുന്നു. ഇത് ഒരു ഗ്രഹത്തിന്റെ ചലത്തിനൊപ്പം സ്ഥിരതയുള്ള ഒരു ആവൃത്തിയാണ്. അതിനാൽ തന്നെ നിലവിൽ അറിവുള്ള രണ്ട് ഗ്രഹങ്ങൾക്ക് പുറമേ ഈ നക്ഷത്രത്തിന് മറ്റൊരു ഗ്രഹം കൂടി ഉണ്ടാകാം എന്നുള്ള ഒരു അനുമാനവും ഉയർന്നുവന്നിട്ടുണ്ട്.

1977 ലെ വൗ സിഗ്‌നലിനെ പോലെത്തെന്നെ ഹ്രസ്വ കാലത്തേക്ക് മാത്രം നീണ്ടുനിന്ന ഒരു റേഡിയോ സിഗ്‌നലായിരുന്നു ഇതും. നിലവിൽ ഇതിനെ കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും അറിയുവാൻ ഏറെയുണ്ടെന്ന് മനുഷ്യനെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരുപക്ഷെ ഒരു ദിവസം ചില അന്യഗ്രഹ ജീവികൾ നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടേക്കാം.