കോവിഡിനെ തളയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണ് ലോകം മുഴുവനുമുള്ള ഭരണകൂടങ്ങൾ. പരീക്ഷണ ശാലകളിൽ ശാസ്ത്രജ്ഞർ തലപുകയ്ക്കുമ്പോൾ, അധികാരത്തിന്റെ ഇടനാഴികൾക്കും ഉറക്കമില്ലാത്ത നാളുകളാണ്. മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളേയും പ്രതികൂലമായി ബാധിച്ച ഈ രാക്ഷസവൈറസിനെ തളയ്ക്കുവാൻ വ്യത്യസ്തമായ തന്ത്രങ്ങളാണ് ഒരുങ്ങുന്നത്. ആസ്ട്രിയയിൽ മുഴുവൻ ജനങ്ങൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിരിക്കുകയാണ്.

8.8 ദശലക്ഷം ജനങ്ങളുള്ള ആസ്ട്രിയയിൽ മുഴുവൻ ജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഈ പദ്ധതിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. രാജ്യത്തെ രണ്ടാം ലോക്ക്ഡൗൺ അവസാനിച്ച് 11 ദിവസം കഴിഞ്ഞപ്പോഴേക്കും രോഗവ്യാപനം വർദ്ധിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ക്രിസ്ത്മസ്സ് കഴിഞ്ഞാലുടൻ തന്നെ രാജ്യത്ത് മൂന്നാമത്തെ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഡിസംബർ 26 മുതൽ ജനുവരി 24 വരെയായിരിക്കും മൂന്നാം ലോക്ക്ഡൗൺ എന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് വെള്ളിയാഴ്‌ച്ച പ്രഖ്യാപിച്ചു. ജനുവരി 15 മുതൽ 17 വരെയായിരിക്കും രോഗ പരിശോധന വ്യാപകമായി നടത്തുന്നത്. ഇതിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കും. ഉദാഹരണത്തിന് സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുവാനും റെസ്റ്റോറന്റുകളിൽ പോകുവാനും ഇവർക്ക് അനുമതി ലഭിക്കും. സാംസ്‌കാരിക കലാകേന്ദ്രങ്ങളിലും റെസ്റ്റോറന്റുകളിലും പരിശോധന സർട്ടിഫിക്കറ്റ് പരിശോധിച്ച് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മറ്റിടങ്ങളിൽ പൊലീസ് ഇടയ്ക്കിടയ്ക്ക് പരിശോധന നടത്തും.

കൊറോണയ്ക്ക് അടിയറവ് പറഞ്ഞ് സ്വീഡനും

കോവിഡ് വ്യാപനം യൂറോപ്പിൽ തുടരുമ്പോൾ, ഭൂഖണ്ഡത്തിലെ പ്രധാന രാജ്യങ്ങളെല്ലാം തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാതെ കോവിഡിനെ നേരിട്ട രാജ്യമാണ് സ്വീഡൻ. അതിന്റെ പേരിൽ പല വിമർശനങ്ങളും സ്വീഡന് കേൾക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ, സ്വീഡിഷ് ജനത പക്വതയുള്ളവരാണെന്നും, എന്താണെ ചെയ്യേണ്ടതെന്ന് അവർക്ക് അറിയാം എന്നുമുള്ള വാദത്തിൽ ഉറച്ചുനിന്ന സർക്കാർ ഒരു ലോക്ക്ഡൗണിന് തയ്യാറായില്ല. ആകെ നിയന്ത്രണം കൊണ്ടുവന്നത് ആൾക്കൂട്ടത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളും 6 പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചപ്പോൾ സ്വീഡനിൽ അത് 50 വരെ ആകാമായിരുന്നു.

മറ്റു രാജ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത സമീപനം സ്വീകരിച്ചിട്ടും, ഒന്നാം വരവിൽ കൊറോണയെ തുരത്താൻ സ്വീഡനായി. എന്നാൽ, വർദ്ധിച്ച പ്രതികാരബുദ്ധിയോടെ ഈ കുഞ്ഞൻ വൈറസ് വീണ്ടുമെത്തിയപ്പോൾ സ്വീഡൻ തളരുന്ന കാഴ്‌ച്ചയാണ് കാണുന്നത്. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അടിച്ചേൽപ്പിക്കില്ല എന്ന മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ്, ഇപ്പോൾ സ്വീഡനിൽ ഫേസ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നു.

ഇതോടൊപ്പം വർക്ക്-ഫ്രം-ഹോം നിയമവും പുതുക്കിയിട്ടുണ്ട്. ചില സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ, അതുപോലെ രാത്രി 8 മണിക്ക് ശേഷം മദ്യവില്പന നിരോധിക്കൽ തുടങ്ങിയ നടപടികളും ഉണ്ടാകും. ഡിസംബർ 24 മുതൽ ഇവയൊക്കെ നിലവിൽ വരും. കാൾ പതിനാറാമൻ രാജാവ്, ഭരണകൂടത്തിന്റെ, കോവിഡ് നയത്തിന്റെ പരാജയം തുറന്നുകാട്ടിയതിനു പിന്നാലെയാണ് ഈ പുതിയ നടപടി.