ത്തരകൊറിയയ്ക്കപ്പുറം ഒരു ലോകമുണ്ടെന്നുകൂടി രാജ്യത്തെ പൗരന്മാർ മനസ്സിലാക്കരുത്. രാജ്യാതിർത്തിയിൽ ഭൂമി അവശേഷിക്കുകയാണ്. അതിനുപുറത്തുനിന്ന് എന്ത് വിവരം ശേഖരിക്കാൻ ശ്രമിച്ചാലും മരണമായിരിക്കും ഫലം. ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ്ങ് ഉൻ അടച്ചുപൂട്ടിയിരിക്കുകയാണ് ഉത്തരകൊറിയയുടെ ജലവും ഭൂമിയും ആകാശവുമെല്ലാം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒരു ഫിഷിങ് ബോട്ട് ക്യാപ്റ്റനെ വെടിവച്ചു കൊന്നത്.

കഴിഞ്ഞ 15 വർഷമായി മത്സ്യബന്ധനത്തിന് പോകുന്ന ക്യാപ്റ്റൻ, ബോട്ടിനുള്ളിൽ പതിവായി കേട്ടുകൊണ്ടിരുന്നത് അമേരിക്കൻ സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ഫ്രീ ഏഷ്യ എന്ന റേഡിയോ ചാനലായിരുന്നു. പുറംകടലിന്റെ സ്വാതന്ത്ര്യത്തിൽ ഈ ചാനലിലൂടെ ലോക വാർത്തകൾ ശ്രവിക്കുകയും മറ്റു പരിപാടികൾ ആസ്വദിക്കുകയും ചെയ്യുക എന്നത് ഈ 40 കാരന്റെ വിനോദമായിരുന്നു. ഇതാണ് ചോയ് എന്ന് വിളിക്കുന്ന ഇയാളുടെ മരണത്തിന് ഇടയാക്കിയതും.

50 ഓളം മത്സ്യബന്ധന ബോട്ടുകളുടെ ഉടമകൂടിയായ ക്യാപ്റ്റൻ ചോയിയെ സഹപ്രവർത്തകരിൽ ആരോ ഒറ്റുകയായിരുന്നു. അവരിൽ ഒരാളാണ് ചോയി സ്ഥിരമായി വിദേശ റേഡിയോ കേൾക്കുന്ന കാര്യം അധികൃതരെ അറിയിച്ചത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ ഇത് സമ്മതിച്ചു. ഇതിനെ തുടർന്ന് മത്സ്യബന്ധന തുറമുഖത്ത് നൂറോളം മത്സ്യത്തൊഴിലാളികളുടെ സാന്നിദ്ധ്യത്തിലാണ് ഇയാളെ വെടിവച്ചു കൊന്നത്.

ഉത്തരകൊറിയൻ സൈന്യത്തിൽ ഒരു റേഡിയോ ഓപ്പറേറ്റർ ആയിരുന്ന ചോയ് അന്നു മുതൽ തന്നെ വിദേശ റേഡിയോ ചാനലുകളുടെ ശ്രോതാവായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. സൈനിക സേവനത്തിൽ നിന്നും വിരമിച്ചതിനു ശേഷവും അയാൾ ആ പതിവ് തുടർന്നു. വിദേശ ചാനലുകൾ കാണുകയും കേൾക്കുകയും ചെയ്യുക എന്നത് ഉത്തരകൊറിയൻ നിയമപ്രകാരം കമ്മ്യുണിസ്റ്റ് പാർട്ടിക്കെതിരായ വിധ്വംസക പ്രവർത്തനമാണ്. ഈ നിയമപ്രകാരമാണ് ഇയാളെ വെടിവച്ചു കൊന്നത്.

ഉത്തരകൊറിയൻ നേതാക്കൾക്കായി വിദേശ പണം സമാഹരിക്കുന്ന ബ്യുറോ 39 എന്ന പാർട്ടി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ മത്സ്യബന്ധന തുറമുഖം. ഈ സംഭവത്തിനു ശേഷം നടന്ന അന്വേഷണത്തിൽ നിരവധി പാർട്ടി നേതാക്കളേയും സുരക്ഷാ ഉദ്യോഗസ്ഥരേയും പിരിച്ചുവിട്ടിട്ടുമുണ്ട്. സിയോൾ ആസ്ഥാനമാക്കി, അമേരിക്കൻ സഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ഫ്രീ ഏഷ്യ, മത്സ്യബന്ധനത്തിന് കടലിൽ പോകുന്ന നിരവധി ഉത്തരകൊറിയൻ തൊഴിലാളികൾക്ക് പ്രിയപ്പെട്ട ചാനലാണ്. ക്യാപ്റ്റൻ ചോയിയെ വധിക്കുക വഴി മറ്റുള്ളവർക്കും ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.