ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവീസിന് ഡൽഹിയിൽ ക്രിസ്മസ് ദിനത്തിൽ തുടക്കമാവും. ഡൽഹി മെട്രോ 18 വർഷം തികയ്ക്കുന്ന 25ന്, സർവീസ് ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അധികൃതർ പറഞ്ഞു. ജനക്പുരി വെസ്റ്റ് - ബൊട്ടാണിക്കൽ ഗാർഡൻ പാതയായ മജന്ത ലെയ്‌നിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് തുടങ്ങുക.

ആധുനിക സിഗ്‌നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാതെ മെട്രോ സർവീസ് നടത്താൻ സാധിക്കുക.