വ്യാളീനാഥൻ അഥവ ഡ്രാഗൺ കിങ് എന്നാണ് ഭൂട്ടാൻ രാജാവിന്റെ സ്ഥാനപ്പേര്. 1907 ലായിരുന്നു ആദ്യ വ്യാളീനാഥന്റെ സ്ഥാനാരോഹണം. അതിനെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാവർഷവും ഡിസംബർ 17 ഭൂട്ടാനിൽ ദേശീയദിനമായി ആചരിക്കുന്നത്. കാലാകാലങ്ങളിലായി ചാംഗ്ലിമിതാംഗ് സ്റ്റേഡിയത്തിലാൺ ദേശീയ ദിനാഘോഷങ്ങൾ നടക്കുക. അവിടെ തടിച്ചുകൂടുന്ന ജനങ്ങളെഭൂട്ടാൻ രാജാവ് അഭിസംബോധന ചെയ്ത് സംസാരിക്കും. പിന്നെ ആദ്യ വ്യാളീനാഥനായിരുന്ന ഉഗ്യേൻ വാംഗ്ചക്കിന്റെ പ്രതിമയുമേന്തി ഒരു നഗര പ്രദക്ഷിണവും ഉണ്ടാകും.

എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇതെല്ലാം ഇത്തവണ വേണ്ടെന്ന് വച്ചിരുന്നു. എന്നിരുന്നാലും ദേശീയദിനാഘോഷം നടത്തുവാൻ രാജാവ് മറന്നില്ല. രാജ്ഞിയേയും രണ്ട് പുത്രന്മാരേയുംകൂട്ടി അദ്ദേഹം കൊട്ടാരത്തിനു പുറത്തിറങ്ങി. പരമ്പരാഗത വേഷം ധരിച്ചായിരുന്നു അവർ ഇറങ്ങിയത്. പിന്നീട് അവർ സ്ഥലത്തെ പ്രധാന മഠം സന്ദർശിച്ച് മഠാധിപതി ജെ ഖെൻപോയെ വന്ദനം അറിയിച്ചു. അവിടെയുള്ള മറ്റു സന്യാസിമാരുമായും ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടു.

അവിടെ കൂടിയിരുന്ന ചെറിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജാവ് സംസാരിച്ചു. പിന്നീട് ആഹ്ലാദത്തിന്റെ കൊട്ടാരം എന്നറിയപ്പെടുന്ന പുനാഖ സോംഗിൽ അദ്ദേഹം ഭൂട്ടാനീസ് പതാകയേയും വന്ദിച്ചു. രാജമാതാവും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.സാധാരണയായി ആഘോഷങ്ങൾ നടക്കാറുള്ള സ്റ്റേഡിയം ഇത്തവണ വിജനമായിരുന്നു. തൊട്ടടുത്തുള്ള ഡെക്കെൻകോളിങ് കൊട്ടാരത്തിൽ വച്ചായിരുന്നു ഇത്തവണ ദേശീയ ആഘോഷ ചടങ്ങുകൾ നടന്നത്. ഇവിടെ വച്ചായിരുന്നു ഈ വർഷമാദ്യം രാജാവിന്റെ അർദ്ധസഹോദരി രാജ്ഞിയുടെ സഹോദരനായ തിൻലേ നോർബുവിനെ വിവാഹം കഴിച്ചത്.

ഇത് രാജാവിന്റെയും രാജ്ഞിയുടെയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തിയ ഒരു വിവാഹമായിരുന്നു. നേരത്തേ രാജ്ജിയുടെ മൂത്ത സഹോദരിയെ രാജാവിന്റെ മറ്റൊരു സഹോദരൻ വിവാഹം കഴിച്ചിരുന്നു. വിവാഹം സംബന്ധിച്ച വിവരങ്ങൾ പക്ഷെ വിവാഹ ദിവസം വരെ രഹസ്യമാക്കി സൂക്ഷിച്ചിരുന്നു. പിന്നീട് കൊട്ടാരത്തിലെ ഔദ്യോഗിക വൃത്തങ്ങൾ തന്നെയാണ് വിവാഹക്കാര്യം ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.