- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റാകാൻ ഒരുങ്ങി ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം; വനിതാ സംവരണമുള്ള അരുവാപ്പാലം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത 21കാരി രേഷ്മ മറിയം റോയിക്ക്

കോന്നി: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി രേഷ്മ മറിയം റോയി പഞ്ചായത്ത് പ്രസിഡന്റായേക്കും. എൽഡിഎഫിന് ഭരണം ലഭിച്ച അരുവാപ്പുലം പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതാണ് രേഷ്മയ്ക്ക് തുണയായത്. 21കാരിയായ രേഷ്മ പഞ്ചായത്ത് പ്രസിഡന്റായാൽ അത് ചരിത്രമാകും.
അരുവാപ്പുലം പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ 11ാം വാർഡിൽ (ഊട്ടുപാറ) നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഷ്മയുടെ വിജയം. രേഷ്മ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട സിപിഎമ്മിന്റെ എല്ലാ വനിതാ അംഗങ്ങളെയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായിട്ടാണ് നേതൃത്വം പറയുന്നതെങ്കിലും രേഷ്മയ്ക്കു തന്നെയാണ് കൂടുതൽ സാധ്യത.
എന്നാൽ ഇക്കാര്യം പാർട്ടിയോ രേഷ്മയോ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ രേഷ്മയ്ക്ക് ആശംസകളുമായി രംഗത്തുവന്നിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് തലേന്നാണ് രേഷ്മയ്ക്ക് 21 വയസ്സ് പൂർത്തിയായത്.
സിപിഎം ഏരിയ കമ്മിറ്റികളാണ് വിവിധ പഞ്ചായത്തുകളിൽ പ്രസിഡന്റ് ആകുന്നവരുടെ അന്തിമ പട്ടിക പുറത്തുവിടുക. 25നു ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമാണ് രേഷ്മ.

