കാസർകോട്: പുറം ലോകത്തെ ജീവിതം മടുത്തതിനാൽ ജയിലിലേക്ക് തിരികെ വിളിക്കണമെന്ന ആവശ്യവുമായി പരോളിലിറങ്ങിയവർ. കോവിഡ് കാല പരോളിൽ കാസർകോട് ചീമേനിയിലെ തുറന്ന ജയിലിൽ നിന്നു പുറത്തുപോയ തടവുകാരാണ് ജയിലിലേക്ക് തിരികെ വരാൻ അനുവാദം ചോദിച്ച് അധികൃതർക്ക് കത്തയച്ചത്. ഇതിൽ 2 പേരെ ജയിലിൽ തിരിച്ചെത്തിക്കുകയും ചെയ്തു.

230 ലേറെ തടവുകാരാണു ചീമേനിയിലെ തുറന്ന ജയിലിലുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇതിൽ 10 പേരൊഴികെ മറ്റുള്ളവരെ പ്രത്യേക പരോളിൽ വിട്ടയച്ചിരുന്നു. പരോളിൽ പോയ ആദ്യത്തെ 23 പേർ ജയിലിൽ തിരിച്ചെത്തിയെങ്കിലും രണ്ടാമത്തെ സംഘത്തിൽപ്പെട്ട 157 പേരാണു കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പുറത്തു നിൽക്കുന്നത്. ഇവരിൽ ചിലരാണു പുറത്തു ജീവിക്കാൻ നിവ്യത്തിയില്ലെന്നു പറഞ്ഞു കത്തയച്ചത്.

സ്ഥിരം ജോലിയും നല്ല വേതനവും ലഭിക്കുന്നതിനൊപ്പം തുറന്ന ജയിലിലെ നല്ല അന്തരീക്ഷവുമാണ് ജയിൽ ജീവിതം ഭേദമെന്നു കരുതാൻ കാരണമാകുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അധികവും രാഷ്ട്രീയ കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്.

അതേസമയം, കോവിഡ് പരോൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചതിനെ തുടർന്ന് പരോളിലിറങ്ങിയവരെ നിർബന്ധിച്ചു തിരികെ വിളിക്കരുതെന്ന ഉത്തരവും ജയിലിൽ എത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.