ന്ത്യയടക്കം 40 രാജ്യങ്ങളിലേക്ക് ബ്രിട്ടനിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഏകദേശം 30,000 ത്തോളം യാത്രക്കാരാണ് ബ്രിട്ടനിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയത്. നൂറുകണക്കിന് സർവ്വീസുകളാണ് ഇന്നലെ റദ്ദ് ചെയ്യപ്പെട്ടത്.അതിവേഗം പടരുന്ന പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തിയതോടെയണ് ആശങ്കയിലായ ലോക രാജ്യങ്ങൾ ബ്രിട്ടനെ ഒറ്റപ്പെടുത്താൻ ആരംഭിച്ചത്. പുതിയ ഇനം വൈറസിൽ നിന്നും രാജ്യത്തെ ജനങ്ങളെ രക്ഷിക്കുക എന്ന ഉദ്ദേശമാണ് ഈ യാത്രാ നിരോധനത്തിനു പുറകിൽ.

കോവിഡ് പരിശോധനകൾക്കായി ആയിരങ്ങൾ കാത്തുനിൽക്കുന്ന ഹീത്രൂ വിമാനത്താവളത്തിൽ മാത്രം ഇന്നലെ 80 സർവ്വീസുകളാണ് റദ്ദ് ചെയ്തത്. ഇതിൽ പകുതിയിൽ അധികവും ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനങ്ങളാണ്. ഓരോരോ രാജ്യങ്ങളായി നിരോധനം ഏർപ്പെടുത്താൻ ആരംഭിച്ചതോടെ കൂടുതൽ സർവ്വീസുകൾ ഇനിയും റദ്ദ് ചെയ്യേണ്ടതായി വരും.

അതേസമയം, ബ്രിട്ടനിൽ നിന്നും ന്യുയോർക്ക് നഗരത്തിലേക്ക് യാത്രചെയ്യുന്നവർ വിമാനത്തിൽ കയറുന്നതിനു മുൻപായി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് ബ്രിട്ടീഷ് എയർവേയ്സ് നിബന്ധന വച്ചു. ന്യുയോർക്ക് ഗവർണർ ആൻഡ്രൂ കുവോമോ ആവശ്യപ്പെട്ടാതിനനുസരിച്ചാണ് ഈ പുതിയ നിബന്ധന ഉൾപ്പെടുത്തിയത്. അതേസമയം ഡെൽറ്റ, അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, വെർജിൻ അറ്റ്ലാന്റിക് എന്നീ കമ്പനികൾ ഈ പരിശോധന നിർബന്ധമാക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല.

അമേരിക്ക ഇതുവരെ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല, എന്നാൽ അക്കാര്യം പരിഗണനയിലുണ്ടെന്ന് അമേരിക്കൻ അസ്സിസ്റ്റന്റ് സെക്രട്ടറി ഫോർ ഹെൽത്ത് ബ്രെറ്റ് ഗിറോയിൽ ഇന്നലെ പ്രസ്താവിച്ചിരുന്നു. ആംസ്റ്റർഡാം, കോപ്പൻഹേഗൻ, ഫ്രാങ്ക്ഫർട്ട്, ജെനീവ, പാരിസ്, റഷ്യ, ഇന്ത്യ തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനസർവീസുകൾ ഉൾപ്പടെ 200 ഓളം വിമാനസർവ്വീസുകളാണ് ഇന്നലെ റദ്ദ് ചെയ്യപ്പെട്ടത്.

സർവ്വീസുകൾക്ക് വിലക്കെർപ്പെടുത്താത്ത രാജ്യങ്ങളിലേക്ക് യാത്രചെയ്യുവാൻ ടിക്കറ്റ് എടുത്തവർ മാത്രമേ വിമാനത്താവളത്തിലേക്ക് എത്തേണ്ടതുള്ളു എന്ന് ഹീത്രൂ വിമാനത്താവളാധികൃതർ അറിയിച്ചു. ടിക്കറ്റില്ലെങ്കിലോ, അല്ലെങ്കിൽ വിമാന സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യേണ്ടതെങ്കിലോ വിമാനത്താവളത്തിലേക്ക് പോകരുത്. അതേസമയം, വിദേശത്തുനിന്നും എത്തുന്നവരെ രോഗ പരിശോധനക്ക് വിധേയരാക്കാനുള്ള സൗകര്യം ഹീത്രൂ വിമാനത്താവളത്തിലില്ല. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇതിനായി സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പക്ഷെ ഇതുവരെ ഒരു അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

എന്നാൽ, ഇന്നും നാളെയുമായി പരിമിതമായ എണ്ണം വിമാനസർവ്വീസുകൾ അനുവദിക്കുന്ന കാര്യം അയർലൻഡ് പരിഗണിക്കുകയാണെന്ന് അയർലൻഡ് വിദേശകാര്യമന്ത്രി അറിയിച്ചു. ക്രിസ്ത്മസ്സ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർത്ഥമാണിത്. ബ്രിട്ടനില്കുടുങ്ങിക്കിടക്കുന്ന അയർലൻഡ് പൗരന്മാർക്ക് ആശ്വാസകരമായ ഒരു വാർത്തയാണിത്. അതേസമയം ജർമ്മൻ വിമാനത്താവളങ്ങളിൽ ധാരാളം ബ്രിട്ടീഷ് പൗരന്മാർ കുടുങ്ങിക്കിടക്കുന്നുണ്ട്.

പുതിയ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഉള്ള യാത്രാ നിയന്ത്രണങ്ങൾ കാരണം, രോഗ പരിശോധന കഴിഞ്ഞ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് വിമാനത്താവളത്തിന് പുറത്ത് കടക്കാൻ കഴിയൂ. പരിശോധന കഴിയുംവരെ അവർക്ക് വിമാനത്താവളത്തിൽ തന്നെ കഴിയേണ്ടതായി വരും. യൂറോപ്പിന് പുറത്തേക്കും യാത്രാനിരോധനം നീണ്ട സാഹചര്യത്തിൽ, ഇന്നലെ പ്രധാനമന്ത്രി ഉന്നതാധികാര സമിതിയുടെ ഒരു അടിയന്തര യോഗം വിളിച്ചു ചേർത്തു.

ഇതിനിടയിൽ, ബ്രിട്ടനിൽ നിന്നുള്ള ലോറികൾക്ക് ഫ്രാൻസ് നിരോധനം ഏർപ്പെടുത്തിയത് കനത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുതിയ പ്രോട്ടോകോൾ പ്രകാരം നിരോധനം നീക്കുമെന്ന് ഫ്രാൻ ഉറപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ മുഴുവൻ രാജ്യങ്ങളും ബ്രിട്ടനിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിരോധിക്കണം എന്ന് ജർമ്മനി ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുവാൻ ഉദ്ദേശിച്ചാണ് ഈ നടപടി എന്നും ജർമ്മനി വ്യക്തമാക്കി.

അതേസമയം, കോവിഡ് പ്രതിസന്ധിയിൽ നട്ടെല്ലു തകർന്ന് കിടക്കുന്ന വ്യോമയാന മേഖലയ്ക്ക് 499 മില്ല്യൺ പൗണ്ടിന്റെ അധിക ബാദ്ധ്യതയാകും ഈ യാത്രാ വിലക്കുകൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ തന്നെ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ട ഈ മേഖലയിൽ ഇനിയുംകൂടുതൽ തൊഴിൽ നഷ്ടങ്ങൾക്ക് ഇത് വഴിതെളിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.