പ്രധാന റോഡായ എം 20 ബാരിക്കേഡുകൾ വച്ച് അടച്ചതോടെ ആയിരക്കണക്കിന് ട്രക്കുകളാണ് കെന്റിലും പരിസര പ്രദേശങ്ങളിലുമായി കുടുങ്ങിപ്പോയത്. യാത്രക്കിടയിൽ ഉണ്ടായ ദുരിതത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചുകൊണ്ട് അവർക്കൊക്കെ ഫൈൻ ചുമത്തി പൊലീസും. ബ്രിട്ടനിൽ നിന്നുള്ള ലോറികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഫ്രാൻസിന്റെ തീരുമാനമാണ് ലോറി ഡ്രൈവർമാരെ കഷ്ടത്തിലാക്കിയത്. ബ്രിട്ടനുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നാളെ മാത്രമേ ഒരു തീരുമാനം ഫ്രാൻസ് പ്രഖ്യാപിക്കു എന്നാണ് സൂചന.

ഇന്നലെ വൈകിട്ട് 8 മണിക്ക് അടച്ച എം 20 ഇന്ന് രാവിലെ 8 മണിക്ക് തുറന്നേക്കും. എന്നിരുന്നാലും കെന്റ് ഭാഗത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏകദേശം 174 ലോറികൾ മോട്ടോർവേയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. എന്നാൽ, യഥാർത്ഥ കണക്ക് അതിലും എത്രയോ വലുതാണ്. കണക്കനുസരിച്ച് 950 ലോറികളോളമാണ് ഹൈവേയിൽ കുടുങ്ങിക്കിടക്കുന്നത്.

എത്തുന്ന മുറയ്ക്ക് ചില ലോറികൾ മാൻസൺ വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുന്നുണ്ട്. ഏകേദേശം 4000 ലോറികളെ വരെ അവിടെ ഉൾക്കൊള്ളാനാകും. മറ്റു ചിലവ ആഷ്ഫോർഡിലെ ഇന്റർനാഷണൽ ട്രക്ക്സ്റ്റോപ്പിലേക്ക് തിരിച്ചു വിടുന്നുമുണ്ട്. കെന്റിലെ സാമൂഹ്യ പ്രവർത്തകരും സംഘടനകളും ഡ്രൈവർമാർക്ക് വെള്ളം , ലഘുഭക്ഷണം എന്നിവ നൽകുന്നുണ്ട്.

ഫ്രാൻസിലേക്ക് ബ്രിട്ടനിൽ നിന്നുള്ള ലോറികൾ നിരോധിച്ചതോടെ ഹൈവേകളിലും പർക്കിങ് പ്ലേസുകളിലുമെല്ലാം ലോറികൾ ശാന്തമായി കിടക്കാൻ തുടങ്ങി. ബ്രിട്ടനിൽനിന്നുള്ള ലോറികൾക്ക് പുറമേ റൊമേനിയ, പോളണ്ട്, ഉക്രെയിൻ, സ്പെയിൻ, ടർക്കി, അയർലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ലോറികളും ഇതിൽ ഉൾപ്പെടും. ഇവയിൽ പലതും ചരക്ക് ഇറക്കിയതിനു ശേഷം തിരിച്ചുപോകുന്ന ലോറികളാണ്.

ഇവരിൽ പലർക്കും ഈ വർഷത്തെ ക്രിസ്ത്മസ്സ് ആഘോഷിക്കാനാകില്ലെന്ന സങ്കടമാണ്. ഇനിയും ഏറെ ദൂരം താണ്ടി പോളണ്ടിലും ഉക്രെയിനിലുമൊക്കെ എത്തുമ്പോഴേക്കും ക്രിസ്ത്മസ്സ് ദിനം കഴിഞ്ഞിരിക്കും. ലോറി ഡ്രൈവർമാർ സാധാരണയായി ആരുമായും കൂടുതൽ ഇടപഴകാറില്ലെന്നും അതിനാൽ തന്നെ അവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് ഇവരിൽ പലരും പറയുന്നത്.

അതേസമയം ഫ്രാൻസിന്റെ ഈ നടപടി ഒരു പ്രതികാരമായി കാണുന്നവരുമുണ്ട്. ബ്രെക്സിറ്റ് കരാർ ചർച്ചകൾക്കിടയിൽ ബ്രിട്ടന്റെ സമുദ്രാതിർത്തിക്കുള്ളിൽ ഫ്രാൻസിന്റെ മത്സ്യബന്ധന ബോട്ടുകൾ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ച ബ്രിട്ടനോട് ഫ്രാൻസ് പ്രതികാരം ചെയ്യുകയാണ് ഇത്തരത്തിലുള്ള അനാവശ്യ നടപടിയിലൂടെ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.