വുഹാനിൽ കഴിഞ്ഞ വർഷം അവസാനം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കൊറോണ വൈറസ് നിരവധി തവണ മ്യുട്ടേഷന് വിധേയമായിട്ടുണ്ട്. ഓരോ മ്യുട്ടേഷനിലും ജനിതക ഘടനകളിൽ മാറ്റങ്ങൾ വരുത്തി പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

അതായത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തരം കൊറോണ വൈറസുകൾ ഉണ്ട് എന്നർത്ഥം. ഏറ്റവും ഒടുവിൽ മ്യുട്ടേഷൻ സംഭവിച്ചുണ്ടായ, ഇപ്പോൾ ബ്രിട്ടനെ ലോകത്തിൽ ഒറ്റപ്പെടുത്തിയിരിക്കുന്ന ഇനം വൈറസ് അധികം വൈകാതെ, ഏറ്റവും അധികം വ്യാപിക്കുന്ന ഇനമായി മാറുമെന്നാണ് ശസത്രലോകം പറയുന്നത്.

മറ്റിനം കൊറോണകളെയൊക്കെ പിന്തള്ളി, ഈ പുതിയ ഇനം കൊറോണ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കൊറോണ ഇനമായി മാറുമെന്ന് യൂണിവേഴ്സിറ്റി ഓർ ലിവർപൂളിലെ പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ കലും സെമ്പിൽ പറയുന്നു. വി യു ഐ-202012/01 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ഇനം വൈറസ് ആദ്യമേ ഡെന്മാർക്ക്, ജിബ്രാൾട്ടർ, നെതർലാൻഡ്സ്, ആസ്ട്രേലിയ, ഇറ്റലി എന്നിവിടങ്ങളിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടു,ബെൽജിയത്തിൽ നിന്നും ഇതിന്റെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല.

അതുപോലെ, ഫ്രാൻസിലും ദക്ഷിണാഫ്രിക്കയിലും ഈ പുതിയ ഇനം കൊറോണ വൈറസിന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത് പ്രധാനമായും കത്തിപ്പടരുന്നത് ലണ്ടൻ നഗരത്തിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലുമാണെങ്കിലും കഴിഞ്ഞ ആഴ്‌ച്ച സ്‌കോട്ട്ലാൻഡിലും വെയിൽസിലും ഈ പുതിയ ഇനം വൈറാസിനെ കണ്ടെത്തുകയുണ്ടായി. നിലവിൽ ലണ്ടനിലേയും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലേയും കോവിഡ് രോഗികളിൽ 60 ശതമാനം പേരും ഈ പുതിയ വൈറസ് ബാധിച്ചവരാണെന്നാണ് കണക്കാക്കുന്നത്.

23 തരത്തിലുള്ള മ്യുട്ടേഷനുകളാണ് ഈ വൈറസിൽ സംഭവിച്ചിട്ടുള്ളത്. അതിൽ എൻ 501 വൈ എന്ന മ്യുട്ടേഷനാണ് ഇതിന്റെ വ്യൂാപനശേഷി വർദ്ധിപ്പിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. ഈ ഒരു മ്യുട്ടേഷൻ അല്ലെങ്കിൽ വ്യതിയാനം കഴിഞ്ഞ ഏപ്രിലിൽ ബ്രസീലിൽ കണ്ടെത്തിയ മറ്റൊരിനം കൊറോണ വൈറസിലും കണ്ടിരുന്നു.

ആസ്ട്രേലിയയിൽ ബ്രിട്ടനിൽ നിന്നും ന്യു സൗത്ത് വെയിൽസിലെത്തിയ രണ്ട് യാത്രക്കാരിലാണ് ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കാണപ്പെട്ടത്. അതുപോലെത്തന്നെ ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിൽ നിന്നെത്തിയ ഒരു യാത്രക്കാരനിലാണ് ഈ ഇനം വൈറസിനെ കണ്ടെത്താനായത്. ഇതേ തുടർന്നാണ് പല രാജ്യങ്ങളും ബ്രിട്ടനുമായുള്ള ആകാശബന്ധം വിഛേദിക്കാൻ തയ്യാറായത്.

അതേസമയം, ഈ പുതിയ ഇനം കൊറോണ വൈറസ് പ്രധാനമായും കുട്ടികളേയാണ് ബാധിക്കുക എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ഈ വരവിൽ കുട്ടികളും ഏറ്റവും അധികം അപകട സാധ്യതയുള്ള വിഭാഗത്തിൽ പെട്ടിരിക്കുകയാണ്. അതേസമയം, ഈ പുതിയ ഇനത്തിന് വ്യാപന ശേഷി കൂടുതലുണ്ടെങ്കിലും മറ്റു വൈറസുകളേക്കാൾ പ്രഹര ശേഷി കൂടുതലുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.