പെരിയ: പെരുമാറ്റ ദൂഷ്യത്തിന് കേരള കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറെ പിരിച്ചു വിട്ടു. ക്ലാസെടുക്കുന്നതിനിടെ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്‌പെൻഷനിലായിരുന്ന ഹിന്ദി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സി.പി.വി.വിജയകുമാറിനെയാണ് വൈസ് ചാൻസിലർ പിരിച്ചുവിട്ടത്. വിദ്യാർത്ഥിനികൾ വ്യക്തിപരമായും ഒന്നിച്ചും വൈസ് ചാൻസലർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ പിരിച്ചു വിട്ടത്.

കാഞ്ഞങ്ങാട് സൗത്തുകൊവ്വൽ സ്റ്റോറിലെ ഡോ. സി.പി.വി.വിജയകുമാറിനെ ഉടൻ പ്രാബല്യത്തോടെ പുറത്താക്കിക്കൊണ്ട് വൈസ് ചാൻസലർ ഡോ. എച്ച്.വെങ്കിടേശ്വർലു ഉത്തരവിറക്കുക ആയിരുന്നു. ഈ മാസം 13ന് ചേർന്ന കേരള കേന്ദ്ര സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ പ്രത്യേക യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു വിജയകുമാറിനെ പുറത്താക്കുന്നതെന്നും ഉത്തരവിലുണ്ട്.

അദ്ധ്യാപകനായ വിജയകുമാറിന്റെ പെരുമാറ്റദൂഷ്യത്തിനെതിരെ 2017-18 അധ്യയന വർഷത്തിൽ മൂന്നാം സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥിനികൾ വ്യക്തിപരമായും ഒന്നിച്ചും വൈസ് ചാൻസലർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർവകലാശാലയിലെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തെത്തുടർന്ന് വിജയകുമാർ സസ്‌പെൻഷനിലായിരുന്നു. തുടർന്ന് വകുപ്പുതല അന്വേഷണവും നടത്തി.