- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറികളുടെ ദൂര പരിധി; ഹരിത ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ക്വാറികളുടെ ദൂര പരിധി സംബന്ധിച്ച് ദേശിയ ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ടവർക്കു നോട്ടിസ് നൽകി വിഷയം വീണ്ടും പരിഗണിക്കാൻ കോടതി നിർദ്ദേശം നൽകി. സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്ന ക്വാറികളുടെ ദൂരപരിധി 200 മീറ്ററും അല്ലാത്തവയുടേതു 100 മീറ്ററുമാക്കി ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
നിലവിലെ ക്വാറികൾക്കു പ്രവർത്തിക്കാമെന്ന ഓഗസ്റ്റ് 8ലെ ഇടക്കാല ഉത്തരവു തുടരുമെന്നും വ്യക്തമാക്കി. ആവശ്യമെന്നു കണ്ടാൽ ഇടക്കാല ഉത്തരവിൽ മാറ്റം വരുത്താൻ എൻജിടിക്കു സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാറിന്റെ ഉത്തരവിൽ പറയുന്നു. എൻജിടി പ്രിൻസിപ്പൽ ബെഞ്ചിന്റെ അധികാര പരിധിയിൽ കേരളം വരില്ലെന്ന വാദം ഹൈക്കോടതി തള്ളി. എന്നാൽ, സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്ന ഹർജിക്കാരുടെ വാദം കോടതി സ്വീകരിച്ചു. അതിനാൽ വിഷയം പുതുതായി പരിഗണിക്കണമെന്നും എൻജിടി മാത്രം തീരുമാനിക്കേണ്ട ചോദ്യങ്ങളാണു കേസിലുള്ളതെന്നും കോടതി പറഞ്ഞു.
ദൂരപരിധി പുതുക്കി നിശ്ചയിച്ച് എൻജിടി ജൂലൈ 21ന് ഇറക്കിയ ഉത്തരവു ചോദ്യം ചെയ്തു സർക്കാരും ക്വാറി ഉടമകളും നൽകിയ ഹർജികളാണു പരിഗണിച്ചത്. ട്രിബ്യൂണൽ ഉത്തരവു കേരളത്തിൽ പ്രായോഗികമല്ലെന്നും ഇവിടത്തെ പ്രത്യേക ഭൂ ഘടനയും ജനസാന്ദ്രതയും പരിഗണിച്ചു നിലവിലെ ജനവാസ മേഖലയിൽ നിന്ന് 50 മീറ്റർ ദൂര പരിധിയിലാണു പാറമടകൾക്ക് അനുമതി നൽകുന്നതെന്നുമാണു സർക്കാരും ക്വാറി ഉടമകളും കോടതിയെ അറിയിച്ചത്. ഉത്തരവു നടപ്പാക്കിയാൽ കേരളത്തിൽ ക്വാറികൾ പൂട്ടേണ്ടി വരുമെന്നും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നും സർക്കാർ അറിയിച്ചു.