- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലെ കോവിഡ് വാക്‌സിൻ പരീക്ഷണ സംഘത്തിൽ യുവ മലയാളി ഗവേഷകനും; പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകനായ തൃശ്ശൂർക്കാരൻ ഡോ. ശ്യാം നമ്പുള്ളി അമേരിക്കക്കാർക്ക് പ്രതീക്ഷ പകരുമ്പോൾ
തൃശ്ശൂർ: അമേരിക്കയിലെ കോവിഡ് വാക്‌സിൻ പരീക്ഷണ സംഘത്തിൽ യുവ മലയാളി ഗവേഷകനും. തൃശ്ശൂർ പഴയന്നൂർ സ്വദേശിയും പിറ്റ്സ്ബർഗ് സർവകലാശാല സെന്റർ ഫോർ വാക്‌സിൻ റിസർച്ചിലെ ഗവേഷകനുമായ ഡോ. ശ്യാം നമ്പുള്ളിയെന്ന 38-കാരനാണ് കോവിഡ് വാക്‌സിൻ വികസനവുമായി അമേരിക്കക്കാർക്ക് പുത്തൻ പ്രതീക്ഷ പകരുന്നത്. വൈറോളജിസ്റ്റായാണ് തുടക്കമിട്ടതെങ്കിലും ഗവേഷണത്തിലുള്ള താത്പര്യമാണ് ശ്യാമിനെ പിറ്റ്‌സ്ബർഗ് സർവകലാശാലയിലെത്തിച്ചത്.
വൈറസ് ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള പ്രതിരോധവും പ്രവേശിച്ചവരിൽ അതിനെ നശിപ്പിക്കുന്ന വിധത്തിലുള്ള സംരക്ഷണവുമാണ് ഈ വാക്‌സിനിലൂടെ ലക്ഷ്യമിടുന്നത്. ആന്റിബോഡി ഉണ്ടാക്കുകയും കോശങ്ങളെ വൈറസിൽനിന്നും സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിലാണ് വാക്‌സിന്റെ പ്രവർത്തനം. സാർസ് കൊറോണ വൈറസ് 2-ൽ നിന്നുള്ള സ്‌പൈക്ക് പ്രോട്ടീനും നിർവീര്യമാക്കപ്പെട്ട മീസിൽസ് വൈറസുമടങ്ങുന്ന വാക്‌സിൻ(എയ്‌റോകോംബിനന്റ് വെക്ടർ വാക്‌സിൻ) രൂപപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ശ്യാം പറഞ്ഞു.
പഴയന്നൂർ സർക്കാർ ഹൈസ്‌കൂൾ, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവകലാശാലയിൽനിന്ന് ബി.എസ്സി. മൈക്രോബയോളജി ബിരുദം നേടി. തുടർന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തി. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽനിന്ന് മെഡിക്കൽ മൈക്രോബയോളജി, വൈറോളജിയിൽ പിഎച്ച്.ഡി. നേടി. 2010 മുതൽ ക്ലിനിക്കൽ വൈറോളജിസ്റ്റായി സ്‌കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിൽ പ്രവർത്തിച്ചു. 2012-മുതൽ അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ വൈറോളജിസ്റ്റാണ്.
തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ വടക്കേത്തറ നമ്പുള്ളി (രാധാ നിവാസിൽ) പരേതനായ നാരായണൻ നായരുടെയും (എൻ.ജി. നായർ) രാധാ നായരുടെയും മകനാണ്. ഭാര്യ: നിഖില. മക്കൾ: വാസുദേവ്, വരദ. സഹോദരങ്ങൾ: ജീവൻ, വിദ്യ.