നെടുങ്കണ്ടം: രാമക്കൽമേട്ടിൽ കൊക്കയിലേക്കു ചാടി ആത്മഹത്യ ചെയ്ത ഹോട്ടൽ മാനേജരുടെ മൃതദേഹം കണ്ടെത്തി. കൂട്ടാർ ഒറ്റക്കട തേനംപറമ്പിൽ രാജശേഖരപിള്ള (62) യുടെ മൃതദേഹമാണ് കൊക്കയിൽ നിന്നും കണ്ടെടുത്തത്. സുഹൃത്തിനെ അറിയിച്ച ശേഷം തിങ്കളാഴ്ച വൈകിട്ടാണ് ഇയാൾ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരത്ത് അമ്പലമുക്കിൽ വ്യവസായി ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ജനറൽ മനേജരാണ് ആത്മഹത്യ ചെയ്ത രാജശേഖര പിള്ള. ജീവനൊടുക്കുകയാണെന്നു രാജശേഖരപിള്ള സുഹൃത്തിനെ അറിയിച്ചിരുന്നു. സുഹൃത്ത് ഈ വിവരം ഉടൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. സ്റ്റേഷനിൽ നിന്നു രാമക്കൽമേട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിലേക്കു വിവരം കൈമാറി. തുടർന്ന് ഹോം ഗാർഡ് മലമുകളിൽ എത്തിയപ്പോഴേക്കും ഇദ്ദേഹം താഴേക്കു ചാടിയിരുന്നു. പാറക്കെട്ടിൽ നിന്ന് ഒരു പ്ലാസ്റ്റിക് പൊതി കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ മുതൽ പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശം തമിഴ്‌നാട്ടിലായതിനാൽ അവിടത്തെ പൊലീസാണു തുടർനടപടി സ്വീകരിക്കേണ്ടത്. ഭാര്യ: ഇന്ദിരകുമാരി. മക്കൾ: അമ്പിളി, ആതിര. മരുമകൻ: അരുൺ.