പ്രഹരശേഷി ഏറിയ കൊറോണയുടെ പുതിയ അവതാരം, ഒരാഴ്‌ച്ചകൊണ്ട് രോഗവ്യാപനതോത് ഇരട്ടിയായി വർദ്ധിപ്പിച്ചു. ഇന്നലെ മാത്രം 36,804 പുതിയ കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 691 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മ്യുട്ടേഷൻ സംഭവിച്ചെത്തിയ കൊറോണയുടെ പുതിയ ഇനം വൈറസ് ലണ്ടൻ നഗരത്തിന്റെ അതിർത്തികൾ താണ്ടി തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലേക്കും, മിഡ്ലാൻഡ്സിലേക്കും, വടക്കൻ ഇംഗ്ലണ്ടിലേക്കും വ്യാപിച്ചു തുടങ്ങിയതോടെ ജനങ്ങൾക്കൊപ്പം ഭരണകൂടവും ആശങ്കയിലായി.സാധാരണ കൊറോണയേക്കാൾ 70 ശതമാന അധിക വ്യാപനശേഷിയുള്ള ഈ പുതിയ അവതാരത്തെ നേരിടാൻ ഒരു മൂന്നാം ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുകയാണ് സർക്കാർ.

ബോക്സിങ് ദിനത്തിൽ പ്രാബല്യത്തിൽ വരുന്ന, കൂടുതൽ കർശന നിയന്ത്രണങ്ങളോടുകൂടിയ ലോക്ക്ഡൗൺ നാളെത്തന്നെ ബോറിസ് ജോൺസൺ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. സാധ്യതയുള്ള എല്ലാ നടപടികളും ആരോഗ്യ രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും, പ്രാദേശിക ഭരണാധികാരികളുമൊക്കെയായി ചർച്ചകൾ ചെയ്യുന്നുണ്ട്. സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാരും സമയത്ത് പ്രതികരിക്കേണ്ടതുണ്ട് എന്നാണ് ഈ ചർച്ചകളിൽ പങ്കെടുത്ത ഒരു വ്യക്തി പറഞ്ഞത്.

അതേ സമയം ബോക്സിങ് ദിനം മുതൽ ഇംഗ്ലണ്ടിന്റെ കൂടുതൽ ഭാഗങ്ങൾ ടയർ-4 നിയന്ത്രണത്തിനു കീഴിലാകുമെന്നും, ഒരുസമ്പൂർണ്ണ ലോക്ക്ഡൗണിന് സാധ്യതയില്ലെന്നുമുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. നിലവിൽ ബേൺലിയിൽ 1 ലക്ഷം പേരിൽ 438 പേർക്ക് രോഗബാധയുണ്ട്. അതേസമയം ലിങ്കണിലും ബോസ്റ്റണിലും ഇത് 400 ൽ അധികമാണ്. എന്നാൽ ടയർ-4 നിയന്ത്രണത്തിലുള്ള ഗോസ്പോർട്ടിൽ 1 ലക്ഷം പേരിൽ 159 പേർക്ക് മാത്രമാണ് രോഗബാധയുള്ളത്. ഈ സാഹചര്യത്തിൽ ബോസ്റ്റണും ലിങ്കണുമെല്ലാം ടയർ-4 നിയന്ത്രണങ്ങൾക്ക് കീഴിൽ വന്നേക്കും.

കോവിഡ് വ്യാപനം നിയന്ത്രണാധീതമായാൽ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് കർശന നിയന്ത്രണങ്ങൾ വ്യാപിപ്പിക്കേണ്ടിവരുമെന്ന് ഹോം സെക്രട്ടാറി പ്രീതി പട്ടേലു പറഞ്ഞു. എന്നാൽ മൂന്നാം ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അവർ തയ്യാറായില്ല. രോഗവ്യാപനത്തിന്റെ ശക്തി അനുസരിച്ച് കടുത്ത തീരുമാനങ്ങൾ ആവശ്യമാണെങ്കിൽ അതെല്ലാം എടുക്കുമെന്നു മാത്രമായിരുന്നു അവർ പറഞ്ഞത്. ആത്യന്തികമായി സർക്കാരിന്റെ ലക്ഷ്യം ജനങ്ങളുടെ സുരക്ഷയാണെന്നും അവർ പറഞ്ഞു.

അതേ സമയം രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ഈ പുതിയ ഇനം വൈറസ് വ്യാപിച്ചതായുള്ള സൂചനകൾ വരുന്നുണ്ട്. കമ്പ്രിയയിൽ 1 ലക്ഷം പേരിൽ 345 രോഗികൾ എന്ന നിലയിലേക്ക് രോഗവ്യാപനം വർദ്ധിച്ചതായി ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഓഫ് കമ്പ്രിയ കോളിൻ കോക്സ് പറഞ്ഞു. ലങ്കാഷയറിലും അഭൂതപൂർവ്വമായ വർദ്ധനയാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ലങ്കാഷയർ പബ്ലിക് ഹെൽത്ത് ഡയറക്ടർ ശക്തി കരുണനിധി പറഞ്ഞത് അവിടെയും പുതിയ വൈറസിന്റെ സാന്നിദ്ധ്യം സംശയിക്കപ്പെടുന്നു എന്നാണ്.

അതിനിടയിൽ, പുതിയ ടയർ-4 നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കിൽ പ്രതിദിനം 900 മരണങ്ങൾ വരെ സംഭവിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ഇംഗ്ലണ്ട് പോകുമായിരുന്നു എന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ വിദഗ്ദർ പറയുന്നു. ഒന്നാം വരവിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ദർശിച്ച ആ ഭീകരതയിലേക്ക് രാജ്യം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം സർക്കാർ ഇപ്പോൾ എടുക്കുന്ന നടപടികൾ കൊണ്ട് രോഗ വ്യാപനം തടയുവാൻ സാധിക്കില്ലെന്നും കൂടുതൽ കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്നും പ്രൊഫസർ റോബർട്ട് വെസ്റ്റ് മുന്നറിയിപ്പ് നൽകി.

കോവിഡ് ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം ഏപ്രിൽ മാസത്തിലേതിനോട് അതിവേഗം അടുത്തുവരികയാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായാണ് അറിയുന്നത്. ഡിസംബർ അവസാനത്തോടെ അത് അതിന്റെ പാരമ്യതയിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും മറ്റൊരു ലോക്ക്ഡൗണിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സർക്കാരിന് താത്പര്യമില്ല എന്നാണ് അറിയുവാൻ കഴിയുന്നത്. എന്നാൽ, പുതിയ ഇനം വൈറസിനെ നിയന്ത്രിക്കാൻ അതല്ലാതെ മറ്റൊരു വഴിയും ഇല്ലെന്ന വസ്തുത സർക്കാരിനെ പുനർവിചിന്തനത്തിന് തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം, പുതിയ ഇനം വൈറസിന് വ്യാപകശേഷി, പഴയതിനെ അപേക്ഷിച്ച് 70 ശതമാനത്തോളം കൂടുതലാണെങ്കിലും, അത് പഴയതിനേക്കാൾ കൂടുതൽ അപകടകാരിയല്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഒരുപക്ഷെ പഴയ ഇനം വൈറസിന്റെയത്ര അപകടം ഇതുമൂലം ഉണ്ടാകാൻ വഴിയില്ലെന്നും അവർ പറയുന്നുണ്ട്. ഇംഗ്ലണ്ടിലും വെയിൽസിലും കോവിഡ് മരണനിരക്കിൽ 3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട് എന്ന വസ്തുതയാൺ! ഇങ്ങനെയൊരു അനുമാനത്തിലെത്താൻ അവരെ പ്രേരിപ്പിച്ചത്.