- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിൽ എത്തി കഴിഞ്ഞപ്പോൾ വിമാനം മുടങ്ങിയന്നറിഞ്ഞ് അനേകം മലയാളികൾ; വിമാന നിരോധനത്തിൽ വീണുപോയവരിൽ കൂടുതൽ വീടും കുടുംബവും ബ്രിട്ടനിൽ ഇല്ലാത്ത സ്റ്റുഡന്റ് വിസക്കാർ
രോഗവ്യാപന ശേഷി 70 ശതമാനത്തോളം അധികമുള്ള പുതിയ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ മിക്ക രാജ്യങ്ങളും യു കെയിലേക്കുള്ള വിമാന സർവ്വീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. അവരുടെ മാർഗ്ഗം പിന്തുടർന്ന് ഇന്നലെ ഇന്ത്യയും ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. അവിചാരിതമായി ഉണ്ടായ ഈ നിരോധനം ദുരിതത്തിലാഴ്‌ത്തിയത് നിരവധി പേരെയാണ്. യാത്രയൊരുക്കങ്ങളുമായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അനേകം മലയാളികൾ ഉൾപ്പടെയുള്ളവർ വിമാനങ്ങൾ റദ്ദ് ചെയ്തകാര്യം തന്നെ അറിയുന്നത്.
ക്രിസ്ത്മസ്സ് പുതുവർഷ അവധി നാട്ടിൽ കൂട്ടുകാരോടൊത്തും വീട്ടുകാരോടൊത്തും ചെലവഴിക്കാൻ ആഗ്രഹിച്ച് ഇന്ത്യയിലേക്ക് യാത്രയ്ക്കൊരുങ്ങിയിരുന്നത്. ഇവരിൽ പലരും നേരത്തേ തന്നെ യാത്രയ്ക്ക് ഒരുങ്ങി ടിക്കറ്റെടുത്തവരുമാണ്. എന്നാൽ, പലരും വിമാനത്താവളത്തിൽ എത്തിയശേഷമാണ് വിമാന സർവ്വീസുകൾ റദ്ദായതായി അറിയുന്നത്.
ടൂടിസ്റ്റ് വിസകൾ വലിയതോതിൽ സസ്പെൻഡ് ചെയ്തിരിക്കുന്നതിനാൽ ബ്രിട്ടനിലുള്ള കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയവരും ഈ ദുരിതത്തിൽ പെടുകയായിരുന്നു. എന്നാൽ, ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത് വിദ്യാർത്ഥികൾ തന്നെയാണെന്നാണ് നാഷണൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലൂംനി യൂണിയൻ യു കെ ചെയർമാൻ സനം അരോര പറയുന്നത്. ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണിത്.
ധാരാളം വിദ്യാർത്ഥികൾ അവധിക്കാലം നാട്ടിൽ ചെലവഴിക്കുവാനായി ഇന്ത്യയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. അതുപോലെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ജനുവരിയിൽ ആരംഭിക്കുന്ന സെഷനിൽ ചേരുവാനായി ഇന്ത്യയിൽ നിന്നും യു കെയിലേക്ക് വരാനും തയ്യാറായിട്ടുണ്ട്. എന്നാൽ ഇതിനെ കുറിച്ച് പറയുമ്പോൾ ധാരാളം മറുചോദ്യങ്ങളാണ് ഉയരുന്നതെന്നും അരോര പറയുന്നു. എല്ലായിടത്തും ആശയക്കുഴപ്പമാണ്. പി സി ആർ പരിശോധനവഴി ഈ പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിയുവാൻ കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
2020 ഡിസംബർ 22 അർദ്ധരാത്രി മുതൽക്കാണ് ഇന്ത്യയിലേക്ക് ബ്രിട്ടനിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതേ സമയം മുതൽ തന്നെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള വിമാനസർവ്വീസുകളും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമയാന വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പുകളെല്ലാം ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വിവിധ സാമൂഹ മാധ്യമങ്ങൾ വഴി അപ്പപ്പോൾ തന്നെ ബ്രിട്ടനിലെ ഇന്ത്യാക്കാരെ അറിയിക്കുന്നുണ്ട്.
കോറോണാ ലോക്ക്ഡൗൺ കാലത്ത് ബ്രിട്ടനിൽ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ വന്ദേ ഭാരത് മിഷൻ നടത്തിയ എയർ ഇന്ത്യയും സർവ്വീസുകൾ റദ്ദാക്കിയ വിവരം അറിയിച്ചിട്ടുണ്ട്. വ്യോമയാന വകുപ്പിന്റെ നയങ്ങൾക്കനുസരിച്ചാണ് സർവ്വീസുകൾ റദ്ദു ചെയ്യുന്നതെന്നും എയർ ഇന്ത്യ അറിയിച്ചു. അതേസമയം വിവിധ പ്രവാസി സംഘടനകൾ, ബ്രിട്ടനിലെ പ്രവാസി ഇന്ത്യാക്കാരോടും ഇന്ത്യൻ വംശജരോടും ശാന്തത കൈവിടാതിരിക്കാനും പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ അനുസരിക്കാനും നിർദ്ദേശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ