തീരാത്ത ദുരിതങ്ങളുമായി കൊറോണ ബ്രിട്ടന് മേൽ കരിനിഴൽ വിരിച്ചിരിക്കുകയാണ്. ഇന്നലെ ജനിതകമാറ്റം സംഭവിച്ച പുതിയൊരു ഇനം വൈറസിനെ കൂടി കണ്ടെത്തിയതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ലണ്ടനിലും വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലും കാണപ്പെട്ട ഈ ഇനം വൈറസ് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ബ്രിട്ടനിലെത്തിയത് എന്നാണ് അറിയുവാൻ കഴിഞ്ഞത്. 501വൈ. വി2 എന്ന് പേരിട്ടിരിക്കുന്ന ഈ ഇനം വൈറസ് നേരത്തേ കെന്റിൽ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച വൈറസിനേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരികെയെത്തിയ ചിലരിലാണ് ഈ പുതിയ ഇനം വൈറസിനെ കണ്ടെത്തിയത് എന്നാണ് ഹാൻകോക്ക് വെളിപ്പെടുത്തിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് ടയർ 4 നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുകയാണ്. അതേസമയം, പുതിയ ഇനം വൈറസിനെ കണ്ടെത്തിയ രോഗികൾ തമ്മിൽ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് തെളിഞ്ഞു. ഇതിൽ ഒരാൾ ലണ്ടനിലും മറ്റെയാൾ വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലുമാണ്. ഇവർക്ക് പൊതുവായുള്ള കാര്യം ഇവർ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരുമായി സമ്പർക്കമുണ്ടായിരുന്നു എന്നതാണ്.

സാധാരണയായി നടത്തുന്ന പരിശോധനകൾക്കിടയിലാണ് ഇവരിലെ രോഗബാധ തിരിച്ചറിഞ്ഞത്. പോസിറ്റീവ് ആയ സാമ്പിളുകളിൽ പത്തിൽ ഒരെണ്ണം വീതം ക്രമരഹിതമായി തെരഞ്ഞെടുത്ത് വൈറസിന്റെ സ്വഭാവം പരിശോധിക്കാറുണ്ട്. അതിലാണ് ഇവരിലെ പുതിയ വൈറസിനെ കണ്ടെത്താനായത്. ഇരുവർക്കും ഇത് വന്നിരിക്കുന്നത് വ്യത്യസ്തരായ വ്യക്തികളിൽ നിന്നാണ്. അതായത്, ഇനിയും ഒരുപാട് പേരിൽ ഈ വൈറസ് കണ്ടെത്താനുള്ള സാധ്യത ഏറേയാണെന്നാണ്.

നിലവിൽ കേപ് ടൗണിൽ നിന്നും ലണ്ടനിലേക്ക് പ്രതിവാരം നാല് വിമാന സർവ്വീസുകളാണ് ഉള്ളത്. അതുകൂടാതെ ജോഹന്നാസ്ബർഗിൽ നിന്നും നാലെണ്ണവും ഉണ്ട്. അതായത്, നവംബർ ആരംഭം മുതൽ ഇന്നുവരെ ചുരുങ്ങിയത് 50 വിമാന സർവ്വീസുകളെങ്കിലും ലണ്ടനിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയിട്ടുണ്ടാകും. ആയിരക്കണക്കിന് ആളുകൾ ഇതുവഴി ദക്ഷിണാഫ്രിക്കയിൽ നിന്നും ബ്രിട്ടനിൽ എത്തിയിട്ടുണ്ടാകും. പുതിയ വൈറസിന്റെ സാന്നിദ്ധ്യം, ഇനിയും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് ഈ വസ്തുത തെളിയിക്കുന്നു.

കെന്റിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന പുതിയ ഇനം വൈറസിനെ ഭയന്ന് രാജ്യത്തെ മൂന്നിൽ ഒരുഭാഗം ആളുകളുട്ടെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ ഇല്ലാതെയാക്കിയ സന്ദർഭത്തിലാണ് അതിലും ഭീകരനായേക്കാവുന്ന മറ്റൊരു ഇനം വൈറസിനെ കണ്ടെത്തുന്നത്. ഇന്നലെ ഒരു ദിവസംമാത്രം 39,237 പേർക്കാണ് ബ്രിട്ടനിൽ രോഗം സ്ഥിരീകരിച്ചത്. ഇത്, ബ്രിട്ടനിൽ ഈ മഹാവ്യാധി ആരംഭിച്ചതിൽ പീന്നെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ്. മാത്രമല്ല, ഏപ്രിൽ 29 ന്‌ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയും രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 22 ശതമാനം വർദ്ധിച്ച് മരണസംഖ്യ ഇന്നലെ 744 ൽ എത്തി.

അതിനിടയിൽ ഇന്നലെ നോർത്തേൺ അയർലൻഡിലും കെന്റിൽ കണ്ടെത്തിയ ഇനം വൈറസിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. കുറച്ചു ആഴ്‌ച്ചകളായി ഇത് അയർലൻഡിൽ എത്തിയിട്ട് എന്നാണ് നിഗമനം. പുതിയ ദക്ഷിണാഫ്രിക്കൻ വൈറസിനെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയ ഉടനെ, തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഇപ്പോൾ ടയർ-4 മേഖലയ്ക്ക് കീഴിൽ ഇല്ലാത്ത സ്ഥലങ്ങളേയും കൂടി ടയർ-4 ന് കീഴിൽ കൊണ്ടുവരുന്നതായി ഹാൻകോക്ക് അറിയിച്ചു. ക്രിസ്ത്മസ് ദിനം അർദ്ധരാത്രി മുതലായിരിക്കും ഈ സ്ഥലങ്ങളിൽ ടയർ-4 നിയന്ത്രണങ്ങൾ നിലവിൽ വരിക.

പടിഞ്ഞാറൻ സസ്സെക്സ്, കിഴക്കൻ സസ്സെക്സിന്റെ ചില ഭാഗങ്ങൾ എസ്സെക്സ്, സറേ, ഹാംപ്ഷയർ എന്നിവിടങ്ങളാണ് പുതുതായി ടയർ 4 മേഖലകളാകുന്നത്.